സമത്വ മുന്നേറ്റയാത്രയ്ക്ക് ഉജ്ജ്വല തുടക്കം

single-img
24 November 2015

vellapallyസാമൂഹികനീതി എന്ന മുദ്രാവാക്യമുയര്‍ത്തി എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്രയ്‌ക്കു കാസര്‍ഗോട്ട്‌ ആവേശോജ്വലതുടക്കം.ഭൂരിപക്ഷസമുദായത്തെ തഴയുന്ന ഇടത്- വലത് രാഷ്ട്രീയങ്ങള്‍ തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ കാലം അവരെ കടലിലാഴ്ത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ തിരുത്തല്‍ശക്തിയായി മാറുന്ന ഭൂരിപക്ഷ സമുദായം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ വികസനം മലപ്പുറത്തും കോട്ടയത്തും മാത്രമാണെന്നു യാത്രാപ്രഖ്യാപനം നടത്തിയ വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. മതപരിവര്‍ത്തനവും സന്താനനിയന്ത്രണവും മൂലം ഹിന്ദുക്കളുടെ ജനസംഖ്യ 10% കുറഞ്ഞു.

 

 

സംഘടിത മതശക്തികളെ പ്രീണിപ്പിക്കാന്‍ സംസ്ഥാന ഖജനാവ് തുറന്ന് കൊടുക്കുകയും ഭൂരിപക്ഷത്തെ തിരസ്‌കരിക്കുകയുമാണിവിടെ. ക്രിസ്‌ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും എന്തു നല്‍കിയാലും പ്രശ്‌നമില്ല, എന്നാല്‍ അതിന്‌ ആനുപാതികമായി ഹിന്ദുവിനും തുല്യനീതി ലഭിക്കണം.നമ്മള്‍ പറഞ്ഞാല്‍ ജാതി മറ്റുള്ളവര്‍ പറഞ്ഞാല്‍ നീതി എന്ന നിലപാട് ശരിയല്ല. ഹിന്ദുജനതയില്‍ 52 ശതമാനം പേര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. വി.എസ്‌. അച്യുതാന്ദന്‍ പാര്‍ട്ടിയില്‍ സമാധിയായ വ്യക്‌തിയാണ്‌. സമത്വമുന്നേറ്റയാത്രയും എസ്‌.എന്‍.ഡി.പിയുടെ പാര്‍ട്ടി പ്രഖ്യാപനവും വന്നതോടെയാണ്‌ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റത്‌.

 

 

കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ഹിന്ദു ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ കുമ്മനം രാജശേഖരന്‍, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്‌കരന്‍ പിള്ള, മുന്നാക്കസമുദായ സംരക്ഷണ മുന്നണി പ്രസിഡന്റ് സി.എസ്.നായര്‍, സാംബവ മഹാസഭ പ്രസിഡന്റ് ഐ.ബാബു, ധീവരസഭ പ്രസിഡന്റ് പി.ഡി.സോമകുമാര്‍, ജനറല്‍ സെക്രട്ടറി സുഭാഷ് നായരമ്പലം, അരയാക്കണ്ടി സന്തോഷ്, ജയപ്രകാശ്, തഴവ സഹദേവന്‍, എ.ജി.തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.