വീടുകളില്‍ സാധാരണ ഇന്‍വെര്‍ട്ടറുകള്‍ക്കു പകരം സോളാര്‍ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കണം; നിയമം ലംഘിക്കുന്ന വീടുകളിലെ വൈദ്യുതി ബന്ധം ജൂണ്‍ മുതല്‍ വിച്ഛേദിക്കും

single-img
24 November 2015

solarതിരുവനന്തപുരം : വീടുകളില്‍ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കുന്നവര്‍ അടുത്ത വര്‍ഷം ജൂണ്‍ 20-നകം സോളാര്‍ ഇന്‍വെര്‍ട്ടറിലേക്കു മാറണമെന്നു സംസ്‌ഥാന സര്‍ക്കാരിന്റെ ഉത്തരവ്‌. നിലവില്‍ ഉപയോഗിക്കുന്ന സാധാരണ ഇന്‍വെര്‍ട്ടറുകള്‍ക്കു പകരം സോളാര്‍ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കണം. അതിനു ശേഷം കെ.എസ്‌.ഇ.ബിയുടെ വിതരണശൃംഖലയില്‍ നിന്ന്‌ ഇന്‍വെര്‍ട്ടര്‍ ചാര്‍ജ്‌ ചെയ്യാന്‍ അനുവാദമുണ്ടാകില്ല. തുടര്‍ച്ചയായി മൂന്നു ദിവസം മഴയാണെങ്കില്‍ മാത്രം ഇളവ്‌ ലഭിക്കും.

ഇന്‍വെര്‍ട്ടറുകളുടെ ഉപയോഗം ഏറെ വൈദ്യുതി പാഴാക്കുന്നെന്നു കണ്ടെത്തിയതോടെയാണ്‌ ഇവയ്‌ക്കു കര്‍ശന നിയന്ത്രണം വരുന്നത്‌. 10 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിച്ച്‌ ചാര്‍ജ്‌ ചെയ്‌താല്‍ മാത്രമേ അഞ്ചു യൂണിറ്റിന്റെ പ്രയോജനം ലഭിക്കൂ എന്ന്‌ എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍ പറയുന്നു.  ആയതിനാല്‍ പടിപടിയായി സാധാരണ ഇന്‍വെര്‍ട്ടറുകള്‍ നിര്‍ത്താലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാ വിഭാഗം ഉപയോക്‌താക്കള്‍ക്കും വൈദ്യുതി ഉപയോഗത്തിനു നിയന്ത്രണമുണ്ടാകും. വലിയ വീടുകളില്‍ സൗരോര്‍ജ പ്ലാന്റും സൗരോര്‍ജ വാട്ടര്‍ ഹീറ്ററും നിര്‍ബന്ധമാക്കുകയും ചെയ്യുന്ന ഉത്തരവ്‌ സര്‍ക്കാര്‍ ഗസറ്റില്‍ വിജ്‌ഞാപനം ചെയ്‌തു.

2000 ചതുരശ്രയടിക്കു മുകളില്‍ വിസ്‌തീര്‍ണമുള്ള എല്ലാ പുതിയ വീടുകളിലും ചൂടുവെള്ളത്തിനായി 100 ലിറ്ററെങ്കിലും ശേഷിയുള്ള സൗരോര്‍ജ ഹീറ്റര്‍ ഉപയോഗിക്കണം. 3000 ചതുരശ്രയടിക്കു മുകളിലുള്ള പുതിയ കെട്ടിടങ്ങളില്‍ നിര്‍ബന്ധമായും സൗരോര്‍ജ പ്ലാന്റ്‌ സ്‌ഥാപിക്കണം. നിലവിലുള്ള വീടുകളില്‍ അടുത്ത ജൂണ്‍ 20-നുള്ളില്‍ സൗരോര്‍ജ പ്ലാന്റ്‌ സ്‌ഥാപിച്ച്‌ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ സൗരോര്‍ജമാക്കണം. കൂടാതെ 2000 മുതല്‍ 3000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക്‌ 500 വാട്ട്‌ ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ്‌ നിര്‍ബന്ധമാക്കി.

സൗരവൈദ്യുതി ഉല്‍പ്പാദനവും ഉപയോഗവും കണക്കാക്കാനായി ഇന്‍വെര്‍ട്ടറുകള്‍ക്കായി പ്രത്യേകം മീറ്റര്‍ ഘടിപ്പിക്കണം. ഉയരമുള്ള കെട്ടിടങ്ങളില്‍ കാറ്റാടി യന്ത്രമോ സൗരോര്‍ജ പ്ലാന്റോ ഉപയോഗിച്ച്‌ ആവശ്യങ്ങള്‍ നിറവേറ്റണം. ഗാര്‍ഹിക ഉപയോക്‌താക്കള്‍ ബ്യൂറോ ഓഫ്‌ എനര്‍ജി എഫിഷ്യന്‍സി അംഗീകരിക്കുന്ന ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ഈ വ്യവസ്‌ഥകള്‍ പാലിക്കുന്നില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്‌ഛേദിക്കാന്‍ വിതരണ ലൈസന്‍സിക്ക്‌ പൂര്‍ണ അധികാരമുണ്ടായിരിക്കുമെന്നും വിജ്‌ഞാപനത്തില്‍ വ്യക്‌തമാക്കുന്നു.