‘പുതിയ ശിവസേനയെ കേരളം തിരസ്‌കരിക്കും’- വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയെ വിമര്‍ശിച്ച് പിണറായി വിജയന്‍

single-img
24 November 2015

TH30_PINARAYI_VIJAY_516498fകൊച്ചി: വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റ യാത്രക്ക് എതിരെ  സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പുതിയ ശിവസേനയെ കേരളം തിരസ്‌കരിക്കുമെന്ന പേരില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായിയുടെ കടുത്ത വിമര്‍ശനം.  കാസര്‍കോട് നിന്നാരംഭിച്ച ജാഥ ഇന്ന് സിപിഐഎമ്മിന്റെ കോട്ടയായ കണ്ണൂരില്‍ എത്തുമ്പോഴാണ് പിണറായി വെള്ളാപ്പള്ളിക്ക് എതിരെ വീണ്ടും രംഗത്ത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

മറാത്ത വികാരവും വര്‍ഗീയതയും ആളിക്കത്തിച്ച് 1966ല്‍ മഹാരാഷ്ട്രയില്‍ ബാല്‍താക്കറെ ശിവസേന രൂപീകരിച്ച പോലെയാണ് ചില പ്രചാരണങ്ങളിലൂടെ നമ്പൂതിരി മുതല്‍ നായാടി വരെയുളളവരുടെ പാര്‍ട്ടി രൂപീകരിക്കുമെന്ന അവകാശവാദവുമായി വെള്ളാപ്പള്ളി രംഗത്ത് എത്തിയതെന്ന് പിണറായി ലേഖനത്തില്‍ പറയുന്നു. കാസര്‍കോട് നിന്ന് ആരംഭിച്ച ജാഥയുടെ ഉദ്ഘാടനവേദി തന്നെ വരാനിരിക്കുന്ന പാര്‍ട്ടിയുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്.

ഡോ. കല്‍ബുര്‍ഗിയെ വര്‍ഗീയവാദികള്‍ കൊന്നുകളഞ്ഞപ്പോള്‍ പരസ്യമായി ന്യായികരിച്ച സ്വാമിയാണ് പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ഥ. ആ സ്വാമിയാണ് വെള്ളാപ്പള്ളിക്ക് വിളക്ക് സമ്മാനിച്ച് യാത്രയുടെ അനുഗ്രഹപ്രഭാഷണം നടത്തിയത്. അയിത്തത്തിനും അനാചാരത്തിനും എതിരെ സന്ധിയില്ലാതെ പൊരുതിയ നവോത്ഥാന നായകര്‍ക്ക് പകരം സവര്‍ണന്റെ എച്ചിലിലയില്‍ കിടന്നുരുളാന്‍ ദളിതരോട് കല്‍പ്പിക്കുന്ന മഡേസ്‌നാനയുടെ വക്താവായ വിശ്വേശ്വര തീര്‍ഥയെ അവരോധിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്.

ബ്രാഹ്മണര്‍ക്കും അല്ലാത്തവര്‍ക്കും രണ്ടു പന്തിയില്‍ ഭോജനം എന്ന പന്തിഭേദയുടെ വക്താവായ വര്‍ഗീയസ്വാമിയാണോ ശ്രീനാരായണ ഗുരുവിന്റെ പകരക്കാരന്‍ എന്നും പിണറായി ലേഖനത്തില്‍ ചോദിക്കുന്നു. നവോത്ഥാന നായകന്‍മാരുടെ മാനവീയ ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയമാനം നല്‍കാനാണ് പുതിയ പാര്‍ട്ടിയെന്ന് പറയുന്ന വെള്ളാപ്പള്ളി ഇവരൊന്നും വിദ്വേഷത്തിന്റെയും, കലാപത്തിന്റെയും രാഷ്ട്രീയം വളര്‍ത്തുവാനല്ല ശ്രമിച്ചതെന്ന് മനസിലാക്കണമെന്നും പിണറായി പറയുന്നു.