പോലീസ് നിയമനതട്ടിപ്പ്; പോലീസുകാരന്‍ പിടിയില്‍

single-img
24 November 2015

policecapആലപ്പുഴ: പോലീസ് നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട്  പോലീസുകാരനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് കുമാറാണ് പിടിയിലായത്. ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. നിയമനത്തട്ടിപ്പില്‍ ശരണ്യയുടെ കൂട്ടാളിയായിരുന്നു ഇയാളെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

കേസിലെ പ്രതി ശരണ്യ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പേരുണ്ടായിരുന്നതിനെ തുടര്‍ന്ന് പ്രദീപിനെയും എസ്.ഐ. സന്ദീപിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.  കേസിലെ പ്രധാനപ്രതിയായ ശരണ്യയുമായി 1150 തവണ ഇയാള്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചിരുന്നതായും കോളുകള്‍ മണിക്കൂറുകളോളം നീണ്ടതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

പോലീസ് നിയമനത്തട്ടിപ്പില്‍ പോലീസ് ഉദ്യോഗസ്ഥരടക്കം സംശയത്തിന്റെ നിഴലിലായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.  പോലീസിലെ വിവിധ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ പടീറ്റതില്‍ ശരണ്യയും (24) ഹരിപ്പാട് സ്വദേശി രാജേഷും കോടികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്.