സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

single-img
24 November 2015

Tamil_vegetablesതിരുവനന്തപുരം: ഒരു മാസത്തിനിടെ സംസ്ഥാനത്ത് പച്ചക്കറി വില മൂന്നിരട്ടിയായി. പച്ചക്കറിയുള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ വില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഉഴുന്ന്, പരിപ്പ് തുടങ്ങിയവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സംരംഭവമായ ഹോര്‍ട്ടികോര്‍പ്പിലും കഴിഞ്ഞമാസത്തെ അപേക്ഷിച്ച് വിലകൂടുതലാണ്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തതിനാല്‍ മിക്ക പച്ചക്കറി ഇനങ്ങള്‍ക്കും ദിവസം രണ്ടുരൂപ വരെ വില കൂടുന്നുണ്ടെന്ന്‍ ആക്ഷേപമുണ്ട്. മണ്ഡലകാലവിപണിക്കായി സബ്‌സിഡി ലഭ്യമാക്കണമെന്ന് സര്‍ക്കാറിനോട് ഹോര്‍ട്ടി കോര്‍പ്പ് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

മഴയും വെള്ളപ്പൊക്കവും കാരണം അയല്‍സംസ്ഥാനങ്ങളില്‍ വ്യാപകമായി കൃഷി നാശിച്ചതും മണ്ഡലകാലം തുടങ്ങിയതും പച്ചക്കറിയുടെ വിലയെ ബാധിച്ചു. വില കടകളില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. ഇത് തോന്നുംപടി വില ഈടാക്കുന്നതിന് കാരണമാകുന്നുണ്ട്.

അതേസമയം, വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ് വഴി 10 ശതമാനം വിലകുറച്ച് പച്ചക്കറി നല്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലഭ്യമായ പച്ചക്കറികള്‍ സംസ്ഥാനത്ത് നിന്നുതന്നെ സംഭരിക്കും. ഹോര്‍ട്ടികോര്‍പ്പിന്റെ എല്ലാ വിപണനകേന്ദ്രങ്ങള്‍ വഴി എല്ലാ ഇനം പച്ചക്കറികളും വിലക്കിഴിവില്‍ നല്കാനാണ് തീരുമാനം.

സപ്ലൈകോയുടെ എല്ലാ വിപണനകേന്ദ്രങ്ങളിലും ഉഴുന്നും മറ്റ് പയര്‍ വര്‍ഗങ്ങളും സബ്‌സിഡി നിരക്കില്‍ നല്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു. കാര്‍ഡ് ഉടമകള്‍ക്ക് അരക്കിലോ വീതം ലഭിക്കും.  വില വര്‍ധന കണക്കിലെടുത്ത് വിപണിയില്‍ ഇടപെടാനായി 25 കോടി രൂപ സിവില്‍ സപ്ലൈസ് വകുപ്പിന് അനുവദിച്ചിട്ടുണ്ട്.