വര്‍ഷങ്ങള്‍ പോയിട്ട് ഒരു ആഴ്ച പോലും എടുത്തില്ല; 55 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള പത്തു വരി പാലം ചൈന നിര്‍മ്മിച്ചത് വെറും വെറും 43 മണിക്കൂറുകള്‍ കൊണ്ട്

single-img
23 November 2015

bridge-china

സര്‍ക്കാര്‍ സംവിധാനത്തില്‍ നമ്മുടെ നാട്ടിലുണ്ടാക്കുന്ന നിര്‍മ്മിതികള്‍ക്ക് വര്‍ഷങ്ങള്‍ എടുക്കുമ്പോള്‍ അങ്ങ് ചൈനയില്‍ നിന്നും അമ്പരപ്പിക്കുന്ന ഒരു വാര്‍ത്ത. 55 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള പത്തു വരി പാലം വെറും 43 മണിക്കൂറുകള്‍ കൊണ്ട് നിര്‍മ്മിച്ചാണ് ചൈന ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.

ചൈനീസ് നാഷണല്‍ ഹൈവേ 101 ലാണ് മാറ്റി സ്ഥാപിച്ച സാന്‍യുവാന്‍ മേല്‍പാലം സ്ഥിതി ചെയ്യുന്നത്. 1984 ല്‍ നിര്‍മ്മിച്ച ബീജിങ്ങിലെ പ്രധാന റോഡുകളിലൊന്നില്‍ സ്ഥിതി ചെയ്യുന്ന ഈ മേല്‍പ്പാലം പുതുക്കി പണിയുന്നതിനു വേണ്ടി അടച്ചിടുകയോ മറ്റോ ചെയ്താല്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് വളരെ ഭീകരമായിരിക്കുമെന്ന അവസ്ഥ കണ്ടറിഞ്ഞാണ് അഭിനന്ദനീയമായ നീക്കത്തിലൂടെ അധികൃതര്‍ മുന്നിട്ടിറങ്ങിയത്. സാന്‍യുവാന്‍ മേല്‍പാലം ഗതാഗത യോഗ്യമായപ്പോള്‍ മേല്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നേരത്തെ നിര്‍മ്മിച്ച് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു.

പഴയ പാലം പൊളിച്ചുമാറ്റിയത് ഏകദേശം 12 മണിക്കൂറുകൊണ്ടാണ്. അതിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന 1300 ടണ്‍ കോണ്‍ക്രീറ്റ് സ്ലാബ് പാലത്തിന് മുകളില്‍ സ്ഥാപിച്ചാണ് പാലം പൂര്‍ത്തിയാക്കിയത്. 2015 നവംബര്‍ 13 ന് 11 മണിക്ക് ആരംഭിച്ച പാലം പണി നവംബര്‍ 15ന് രാവിലെ ആറ് മണിക്ക് പൂര്‍ത്തിയായാണ് ചരിത്രത്തിലേക്ക് നടന്നുകയറിയത്.

അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചതെന്നും പരമ്പരാഗത രീതികള്‍ പിന്തുടര്‍ന്നാല്‍ രണ്ടുമാസമെങ്കിലുമെടെത്തേനെയെന്നും പ്രസ്തുത പാലത്തിന്റെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി.