തളർന്ന് കിടക്കുന്ന പിതാവിനെ പോറ്റാൻ ഏഴു വയസ്സുകാരൻ മാത്രം

single-img
23 November 2015

unnamedതങ്ങളുടെ ജീവിതം മാറ്റിവെച്ച് മക്കളെ വളർത്തി വലുതാക്കുന്ന മാതാപിതാക്കളെ ഒടുവിൽ പ്രായമാകുമ്പോൾ വൃദ്ധസദനങ്ങളിൽ തള്ളുന്ന മക്കൾക്ക് മാതൃകയായി ഒരു ഏഴുവയസ്സുകാരൻ. തളർന്ന് കിടക്കുന്ന തന്റെ പിതാവിനെ കഴിഞ്ഞ ഒരു വർഷമായി സംരക്ഷിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഗൈചൗവ്വിലാണ് ഔ യാംഗ്ലിൻ എന്ന കുട്ടി കട്ടിലിൽ തളർന്ന് കിടക്കുന്ന പിതാവിനെ ഒറ്റയ്ക്ക് സംരക്ഷിക്കുന്നത്.

ഔ യാംഗ്ലിന്റെ അച്ഛൻ ഔ ടോംഗിങ് രണ്ട് വർഷങ്ങൾക്ക് മുൻപ് പണിതീരാത്ത തന്റെ വീടിന്റെ മുകൾ നിലയിൽ നിന്നും വീണു. നട്ടെല്ലിന് സാരമായ പരിക്കേറ്റ അദ്ദേഹം അരയ്ക്ക് താഴെ തളർന്ന് അന്ന് മുതൽ കിടക്കയിലാണ്. ഒരുപാട് പണം ചിലവഴിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഒരു വർഷം മുൻപ് യാംഗ്ലിന്റെ അമ്മ സഹോദരിയേയും കൊണ്ട് വീട് വിട്ട് പോയി. അന്ന് മുതൽ അച്ഛനെ നോക്കുന്നത് യാംഗ്ലിങ് ഒറ്റയ്ക്കാണ്. അവന് അതിൽ യാതൊരു മടിയുമില്ല.

അച്ഛന്റെ കാര്യത്തിൽ അവൻ ഇതുവരെ യാതൊരു കുറവും വരുത്തിയിട്ടില്ല. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്ത്, പിതാവിനെ തന്‍റെ കുഞ്ഞു കൈകൾ കൊണ്ട് ഊട്ടിയിട്ടാണ് യാംഗ്ലിങ് സ്‌കൂളിൽ പോകുന്നത്. ഉച്ചയ്ക്ക് ഓടി വന്ന് അച്ഛനു ഭക്ഷണം കൊടുത്തിട്ട് വീണ്ടും പോകും. സ്‌കൂൾ വിട്ടുകഴിഞ്ഞ് ആക്രി പെറുക്കിയാണ് ആ മകൻ അന്നത്തേക്കുള്ള വകയുണ്ടാക്കുന്നത്.

തന്റെ പ്രായത്തിലുള്ള കുട്ടികൾ കളിക്കുന്നത് കാണുമ്പോൾ അവന്റെ മനസ്സിൽ അവരോടൊപ്പം കൂടാൻ ആഗ്രഹം തോന്നാറില്ല. കാരണം അവന്റെയുള്ളിൽ മുഴുവൻ അച്ഛനാണ്. ‘എന്റെ അച്ഛനു മരുന്നു മേടിക്കണം. പക്ഷേ അതിനുള്ള പണം എന്റെ കൈയ്യിലില്ല. അച്ഛനില്ലാതെ എനിക്കു ജീവിക്കാനുമാകില്ല’, ആ മകന്‍റെ വാക്കുകളിൽ കടലോളം സ്‌നേഹവും ആത്മാർഥതയുമുണ്ട്. ഇനിയെത്ര കാലം വേണമെങ്കിലും അച്ഛനെ ശുശ്രൂഷിക്കാൻ ഔ യാംഗ്ലിങ് തയ്യാറുമാണ്.