ഓൺലൈൻ പെൺവാണിഭം; മുഖ്യപ്രതി ജോഷി പോലീസിന് മുന്നിൽ കീഴടങ്ങി

single-img
23 November 2015

joshiകൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിലെ മുഖ്യപ്രതി ‘അച്ചായൻ’ ജോഷി  പോലീസിൽ കീഴടങ്ങി. കേസിൽ ചുമ്പനസമര സംഘാടകർ രാഹുൽ പശുപാലനും ഭാര്യ രഷ്മി നായരും ഉൾപടെയുള്ളവർ. പിടിയിലായതിനെ തുടർന്ന് ജോഷി ഒളിവിലായിരുന്നു. ഇയാൾക്കായി ക്രൈം ബ്രാഞ്ച് ഊർജിത അന്വേഷണം തുടരവെയാണ് ജോഷി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങിയിരിക്കുന്നത്. പെൺവാണിഭക്കേസിൽ പിടിയിലായ കാസർക്കോട് സ്വദേശി അബൂബക്കറിന്റെ മൊഴിയിൽ നിന്നാണ് പോലീസിന് അച്ചായൻ എന്ന വിളിപ്പേരുള്ള ജോഷിയുടെ പങ്കിനെ പറ്റി വിവരം ലഭിച്ചത്.

ബെംഗളൂരുവിൽ നിന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പെൺകുട്ടികളെ വാണിഭത്തിനായി ജോഷി എത്തിച്ചിരുന്നു. പറവൂർ പെൺവാണിഭം ഉൾപെടെയുള്ള കേസുകളിലും ഇയാൾക്ക് പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ജോഷിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഓൺലൈൻ പെൺവാണിഭത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

അതേസമയം, പെൺവാണിഭ സംഘത്തെ കുടുക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപിച്ചത് ലിന്റോ എന്നയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കാറിൽ പെൺകുട്ടികളുമായെത്തിയ ലിന്റോ പിടിയിലാകുമെന്നായപ്പോൾ പോലീസുകാരെ ഇടിച്ചു തെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ക്രൈം ബ്രാഞ്ച എസ്‌ഐ കെ.ജെ ചാക്കോയ്ക്ക് പരിക്കേറ്റിരുന്നു. ഇയാളുടെ പേരിൽ നെടുമ്പാശ്ശേരി സ്‌റ്റേഷനിൽ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

നവംബർ 16 രാത്രി ഓൺലൈൻ പെൺവാണിഭ സംഘത്തെ കുരുക്കാനുള്ള ക്രൈം ബ്രാഞ്ചിന്റെ ‘ഓപ്പറേഷൻ ബിഗ് ഡാഡി’യിലാണ് വൻ പെൺവാണിഭ സംഘം പിടിയിലാകുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലായിരുന്നു റെയ്ഡുകൾ നടന്നത്.