ചന്ദ്രബോസ് വധക്കേസ്; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

single-img
23 November 2015

Nisamന്യൂഡൽഹി: ചന്ദ്രബോസ് വധക്കേസിന്‍റെ വിചാരണ കേരളത്തിന്‍റെ പുറത്തേക്ക് മാറ്റണമെന്ന പ്രതി നിസാമിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. കേരളത്തിൽ വിചാരണ നടത്തിയാൽ കേസിൽ നീതി ലഭിക്കില്ലെന്ന് നിസാമിന്‍റെ അഭിഭാഷകൻ വാദിച്ചു. സംഭവം നടന്ന പ്രദേശത്തെ കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്.

ധാരാളം പേരാണ് വിചാരണ കാണാൻ കോടതിയിൽ എത്തുന്നത്. ഇതിനാൽതന്നെ പ്രതിക്കും പ്രതിഭാഗം സാക്ഷികൾക്കും സുരക്ഷാഭീഷണിയുണ്ട്. അതിനാൽ, സുരക്ഷ ഉറപ്പാക്കാൻ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി ഉത്തരവിടണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

നിസാമിന്‍റെ ആവശ്യം തള്ളിയ സുപ്രീംകോടതി, പ്രതിക്കും പ്രതിഭാഗം സാക്ഷികൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കേരളാ സർക്കാറിനോട് നിർദേശിച്ചു.  ഇക്കാര്യത്തിൽ പൊലീസിന് വീഴ്ചപറ്റിയാൽ നിസാമിന് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

പൊലീസ് കാവൽ എപ്പോഴൊക്കെ വേണമെന്ന് മുൻകൂട്ടി അറിയിച്ചാൽ അതിനുള്ള നടപടി സ്വീകരിക്കുമെന്ന് കേരളാ സർക്കാർ കോടതിക്ക് ഉറപ്പുനൽകി. തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഢംബര കാറിടിച്ച് കൊന്ന കേസില്‍ വിചാരണ നടപടികള്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്.