ഇടുക്കിയില്‍ അറബ് വിനോദസഞ്ചാരികള്‍ക്ക് മര്‍ദ്ദനമേറ്റു

single-img
23 November 2015

idukki000-725245ഇടുക്കി വണ്ടിപ്പെരിയാറില്‍ അറബ് വിനോദസഞ്ചാരികളെ മര്‍ദ്ദിച്ചു. സൗദി അറേബ്യയില്‍ നിന്നെത്തിയ സ്ത്രീകളടക്കമുള്ള ആറംഗ സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്.

സത്രത്തില്‍ പോയി തിരികെ വരുന്നതിനിടെയാണ് സംഭവം. വള്ളക്കടവിനു സമീപത്തെ സ്വകാര്യ തേയില തോട്ടത്തിലെ ചെക്ക് പോസ്റ്റിനു സമീപത്തുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പിനുമുന്നില്‍ കയറി മൂന്നംഗ സംഘം തടസം നിന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഡ്രൈവറുമായി വാക്കേറ്റം നടത്തിയ അക്രമികള്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയും 6100 രൂപയും ഫോണും തട്ടിയെടുക്കുകയും ചെയ്തു.

വാഹനത്തിലുണ്ടായിരുന്ന   വിനോദസഞ്ചാരികള്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കു നേരെയും കയ്യേറ്റമുണ്ടായി. ഇവരുടെ വാച്ചും അക്രമികള്‍ തട്ടിയെടുത്തു. ഒപ്പമുണ്ടായിരുന്ന ഗൈഡിനെയും മര്‍ദിച്ചു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീകള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി.

അക്രമത്തിന് നേതൃത്വം നല്‍കിയ വള്ളക്കടവ് സ്വദേശികളായ സുരേഷ്, തൊമ്മന്‍, സന്തോഷ് എന്നിവരെ പിടികൂടി വണ്ടിപ്പെരിയാര്‍ പോലീസില്‍ ഏല്‍പ്പിച്ചു.