കടബാധ്യത വീട്ടാൻ എയർ ഇന്ത്യ വിമാനങ്ങൾ വിൽക്കുന്നു

single-img
23 November 2015

Air India - 6ന്യൂഡൽഹി: രാജ്യത്തെ പൊതുവിമാന കമ്പനിയായ എയർ ഇന്ത്യ കടബാധ്യത വീട്ടാൻ വിമാനങ്ങൾ വിൽക്കാനൊരുങ്ങുന്നു. ബൊയിങ്-787 ഡ്രീംലൈനർ ശ്രേണിയിൽ പെട്ട ഒൻപത് വിമാനങ്ങളാണ് സിംഗപൂരിലെ ഒരു ലീസർ കമ്പനിയ്ക്ക് (വിമാനം വാടകയ്ക്ക് നൽകുന്ന കമ്പനി) വിൽക്കുന്നത്. 7000 കോടി രൂപയ്ക്കാണ് വിൽപ്പന.

21 ബൊയിങ്-787 ഡ്രീംലൈനർ വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. ഇവ വാങ്ങിയതിൽ കടം ബാക്കിയുണ്ടെന്നും അത് വീട്ടാനാണ് വിമാനങ്ങൾ വിൽക്കുന്നതെന്നും  എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.

സെയിൽസ് ആൻഡ് ലീസ് ബാക്ക് (എസ്.എൽ.ബി) ഉടമ്പടി പ്രകാരമാണ് സിംഗപൂർ കമ്പനിയ്ക്ക് വിമാനങ്ങൾ വിൽക്കുന്നത്. അതിനാൽ ആവശ്യാനുസരണം 787 വിമാനങ്ങൾ കമ്പനിയിൽ നിന്നും വാടകയ്ക്ക് ഉപയോഗിക്കാമെന്ന് വൃവസ്ഥയുണ്ട്. ഇതിനുമുൻപും എസ്.എൽ.ബി ഉടമ്പടിയിൽ എയർ ഇന്ത്യ വിമാനങ്ങൾ വിറ്റിരുന്നു. അത്തരത്തിൽ വിറ്റതിന് ശേഷം ലീസിനെടുത്ത 12 വിമാനങ്ങൾ ഇപ്പോൾ കമ്പനി സർവീസ് നടത്തുന്നുണ്ട്.

ബോയിങ്, എയർബസ്, എറ്റിആർ, സിആർജെ എന്നീ ശ്രേണിയില്പെട്ട 131 വിമാനങ്ങളാണ് നിലവിൽ എയർ ഇന്ത്യയ്ക്കുള്ളത്. വിമാനങ്ങൾ വാങ്ങിയതിന്റെയും നടത്തിപ്പിനുമായി ഏകദേശം 40,000 കോടി രൂപ കടബാധ്യതയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.