ഗോവധ നിരോധനം നടപ്പിലായ സംസ്‌ഥാനങ്ങളില്‍ കര്‍ഷകര്‍ ദുരിതത്തില്‍; തെരുവോരങ്ങള്‍ കര്‍ഷകര്‍ ഉപേക്ഷിക്കുന്നു കാലികളെ കൊണ്ട് നിറയുന്നു

single-img
23 November 2015

8589130505349-indian-cow-wallpaper-hdപൂനെ: ഗോവധ നിരോധനം നടപ്പിലായ സംസ്‌ഥാനങ്ങളില്‍ കര്‍ഷകര്‍ ദുരിതത്തില്‍. പ്രായമേറിയതും ആദായമില്ലാതായതുമായ കാലികളെ കര്‍ഷകര്‍ ഉപേക്ഷിക്കുന്ന രീതി വ്യാപകമാകുന്നു.  മഹാരാഷ്‌ട്ര, ഹരിയാന സംസ്‌ഥാനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കന്നുകാലികളുടെ എണ്ണം പെരുകുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഗുണകരമല്ലാത്ത  കന്നുകാലികള്‍ കര്‍ഷകര്‍ക്ക്‌ വലിയ പ്രതിസന്ധി ആയിരിക്കുകയാണെന്ന്‌ കര്‍ഷക പ്രശ്‌നം പഠിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ഉന്നതര്‍ പറയുന്നു.

ഐശ്വര്യത്തിന് കാലികളെ പൂജിക്കുന്ന മഹാരാഷ്‌ട്രയിലെ പരമ്പരാഗത ഉത്സവമായ പോള ഉത്സവത്തില്‍ ഇത്തവണ കാലികളുടെ എണ്ണത്തില്‍ കുറവ്‌ വന്നിട്ടുണ്ട്‌. പഴയ കാലികളെ വിറ്റ്‌ പുതിയ കാലികളെ വാങ്ങുകയാണ്‌ കര്‍ഷകര്‍ സാധാരണ ചെയ്യാറുള്ളത്‌. എന്നാല്‍ ബീഫ്‌ നിരോധനം മൂലം പലര്‍ക്കും പ്രായം ചെന്നതും ആദായമില്ലാത്തതുമായ കാലികളെ വില്‍ക്കാനോ ആരോഗ്യമുള്ള പുതിയവയെ വാങ്ങാനോ പല കര്‍ഷകര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യമാണ്‌ ഉത്സവത്തിന്‌ കാലികളുടെ എണ്ണം കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌.

കാലികളെ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങളുടെ കാലിവളര്‍ത്തല്‍ ഉപജീവനം കൂടുതല്‍ ദുരിതമാകുമെന്ന്‌ കര്‍ഷകര്‍ പറയുന്നു. മൃഗങ്ങള്‍ ചത്താല്‍ തന്നെ അവയെ സംസ്‌ക്കരിക്കാന്‍ 2,500 മുതല്‍ 3000 രൂപ വരെ കര്‍ഷകര്‍ നല്‍കേണ്ടിയും വരും. പ്രായമായ കന്നുകാലികളെ വില്‍ക്കാന്‍ കഴിയാത്തതിനാല്‍ പല കര്‍ഷകര്‍ക്കും കന്നുകാലികളുടെ ആധിക്യം പെരുകുകയും അവയെ സംരക്ഷിക്കാന്‍ കഴിയാത്ത സ്‌ഥിതിയുമുണ്ട്‌. ഇത്‌ പലപ്പോഴും അധിക ബാധ്യതയാണെന്നും സംസ്‌ഥാന സര്‍ക്കാരില്‍ നിന്നും സഹായം വേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. കന്നുകാലി സംരക്ഷണത്തിന്‌ ദിനംപ്രതി 100 രൂപ വീതം അധികം വേണമെന്നാണ്‌ കര്‍ഷകര്‍ പറയുന്നു.

അതേസമയം  യുപിയിലും ഈ സ്‌ഥിതിയാണ്. കൃഷിപരാജയത്തെ തുടര്‍ന്ന്‌ പ്രതിസന്ധി നേരിടുന്ന യുപിയിലെ ബുന്ദേല്‍ഖണ്ഡില്‍ ഒരിക്കല്‍ ഇല്ലാതായ ‘അന്നപ്രത’ ആചാരം തിരിച്ചു കൊണ്ടുവരാന്‍ നിര്‍ബ്ബന്ധിതം ആയിരിക്കുകയാണ്‌.  കര്‍ഷകര്‍ കന്നുകാലികളെ സംസ്‌ഥാന അതിര്‍ത്തിയില്‍ കൊണ്ടുവന്ന്‌ ഉപേക്ഷിക്കുന്ന ചടങ്ങ്‌ സര്‍ക്കാരിന്റെയും വിഎച്ച്‌പി പോലെയുള്ള സംഘടനകളുടേയും ഇടപെടലിനെ തുടര്‍ന്ന്‌ തടയിട്ടിരുന്നു.