ഹിന്ദുസ്ഥാൻ ഹിന്ദുക്കൾക്കെന്ന് അസം ഗവർണർ പി.ബി ആചാര്

single-img
23 November 2015

PB-Acharyaഡിസ്പുർ(അസം): അസം ഗവർണർ പി.ബി ആചാര്യയുടെ വിവാദ പ്രസ്താവന സാമുഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. ശനിയാഴ്ച അസമിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ആചാര്യ ‘ഹിന്ദുസ്ഥാൻ ഹിന്ദുക്കൾക്ക്’ എന്ന വിവാദ പ്രസ്താവന നടത്തിയിരുന്നു. അതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്.

ഹിന്ദുസ്ഥാൻ ഹിന്ദുക്കൾക്ക് മാത്രം അവകാശപ്പെട്ടതാണെങ്കിൽ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഭാരതസങ്കല്പം വെറും മിഥ്യയാണോ എന്ന ചോദ്യം ആചാര്യക്കെതിരെ ഉയർന്നിരിക്കുകയാണ്. മുൻ ആർ.എസ്.എസ് പ്രചാരകനായിരുന്ന പി.ബി ആചാര്യയെ ബിജെപി സർക്കാരാണ് അസം ഗവർണറായി നിയമിച്ചത്.

ബംഗ്ലാദേശിൽ നിന്നും അസമിലേക്ക് കുടിയേറിയവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന വിഷയത്തിൽ ആചാര്യ മുൻപേ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ അഭയം പ്രാപിക്കാൻ തയ്യാറാകുന്ന മതന്യൂനപക്ഷർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനായിരുന്നു ആചാര്യയുടെ വിവാദ പ്രസ്താവന. ഒരു സംസ്ഥാനത്തിന്റെ ഉന്നതപദവി അലങ്കരിക്കുന്ന വ്യക്തി ഇത്തരം വർഗീയത പുലർത്തുന്ന വാക്കുക്കൾ പറയാൻ പാടില്ല എന്ന് രാജ്യത്തെ വിവിധ മതസംഘടനകൾ ഇതിനെതിരെ വിമർശിച്ചിരുന്നു.

ആചാര്യയ്ക്ക് മുൻപ് അസം ഗവർണറായിരുന്ന ത്രിപുര റോയിയും ഇത്തരം ഹിന്ദത്വ പ്രസ്താവനകൾ നടത്തിയിരുന്നു. അദ്ദേഹവും മുൻ ആർ.എസ്.എസ് പ്രചാരകനായിരുന്നു. 2014ൽ മോദി സർക്കാർ അധികാരത്തിലേറ്റതിന് ശേഷമാണ് ഇരുവർക്കും ഗവർണർ സ്ഥാനം നൽകിയത്. ആർ.എസ്.എസ് പശ്ചാത്തലമുള്ളവരെ മന:പൂർവ്വം തെരെഞ്ഞുപിടിച്ച് ഗവർണർമാരായി പ്രധാനമന്ത്രി നിയമിക്കുകയാണെന്ന വിമർശനങ്ങൾ മോദിയ്ക്കെതിരെയും ഉയർന്നിരുന്നു.