മുഖ്യമന്ത്രിക്ക് വീണ്ടും തിരിച്ചടി; ജേക്കബ് തോമസിന്റെ നോട്ടീസ് ശരിവെച്ചുകൊണ്ട് ഫയര്‍ എഡിജിപി അനില്‍ കാന്തിന്റെ റിപ്പോര്‍ട്ട്

single-img
23 November 2015

Oommen_Chandy_1357538fകൊച്ചി: മുഖ്യമന്ത്രിക്ക് വീണ്ടും തിരിച്ചടി. അഗ്നി സുരക്ഷാ സംവിധാനങ്ങളില്ലാത്ത സംസ്ഥാനത്തെ 77 വന്‍കിട ഫ്ലറ്റുകള്‍ക്ക് ഡിജിപി ജേക്കബ് തോമസ് നല്‍കിയ നോട്ടീസ് ശരിവെച്ചുകൊണ്ട് ഫയര്‍ എഡിജിപി അനില്‍ കാന്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.  ഫ്ലറ്റ് ഉടമകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികള്‍ തള്ളിക്കൊണ്ടാണ് അനില്‍ കാന്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

ജനവിരുദ്ധമായ നിലപാടുകള്‍കൊണ്ടാണ് ജേക്കബ് തോമസിനെ മാറ്റിയതെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് ഇതോടെ തിരിച്ചടിയായി.ഈ മാസം 11നാണ് അനില്‍ കാന്ത് തന്റെ മുന്‍ഗാമിയായ ജേക്കബ് തോമസിന്റെ നിലപാടുകളാണ് ശരിയെന്ന് കാണിച്ച് ആഭ്യന്തര സെക്രട്ടി നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

മതിയായ അഗ്നി സുരക്ഷാ സംവിധാനങ്ങളില്ലാത്ത വന്‍കിട ഫ്ലറ്റുകള്‍ക്ക് ജേക്കബ് തോമസ് ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്നപ്പോള്‍ നല്‍കിയ നേട്ടീസാണ് അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചത്.സര്‍ക്കാര്‍ നടപടി ന്യായീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജേക്കബ് തോമസ് ജനവിരുദ്ധനാണെന്നും ആരോപിച്ചിരുന്നു. ഇത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെ ഫ്ലറ്റ് ഉടമകളുടെ സംഘടനയായ ക്രഡായ് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. 24 മീറ്ററിന് മുകളില്‍ ഉയരമുള്ള ഫ്ലറ്റുകള്‍ക്കെതിരെ ജേക്കബ് തോമസ് എടുത്ത നടപടികള്‍ നിയമപരമാണെന്നാണ് അനില്‍ കാന്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ദുരന്തം ഉണ്ടായാല്‍ അടിസ്ഥാനപരമായ രക്ഷാമാര്‍ഗങ്ങള്‍ ഇല്ലാത്ത വന്‍ കിട ഫ്ലറ്റുകള്‍ക്കാണ് ജേക്കബ് തോമസ് ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്നപ്പോള്‍ നോട്ടീസ് നല്‍കിയത്.  അനില്‍ കാന്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ചീഫ് സെക്രട്ടറി ജിജി തോംസണ് കൈമാറി. അടുത്ത മന്ത്രിസഭാ യോഗം ഫ്ലറ്റ് വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജേക്കബ് തോമസിനെ ശരിവയ്ക്കുന്ന അനില്‍ കാന്തിന്റെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.