മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ പിടിയിലായ സ്വകാര്യ ബസ്‌ ഡ്രൈവര്‍ക്ക്‌ പോലീസ്‌ സ്‌റ്റേഷനില്‍ തെരുവുനായുടെ കടിയേറ്റു

single-img
23 November 2015

StrayDogsകോട്ടയം: മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌  പിടിയിലായ സ്വകാര്യ ബസ്‌ ഡ്രൈവര്‍ക്ക്‌ പോലീസ്‌ സ്‌റ്റേഷനില്‍ തെരുവുനായുടെ കടിയേറ്റു. കോട്ടയം-പരിപ്പ്‌ റൂട്ടിലോടുന്ന ഷെറി ബസിലെ ഡ്രൈവര്‍ അനൂപിനാണ്‌ കോട്ടയം വെസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍വച്ച്‌ പട്ടിയുടെ കടിയേറ്റത്‌.
കഴിഞ്ഞ ദിവസം രാവിലെ 9.30ന്‌ തിരുനക്കര ബസ്‌റ്റാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ അനൂപ്‌ മദ്യപിച്ചതായി പോലീസ്‌ കണ്ടെത്തി. ഇയാളോടൊപ്പം കോട്ടയം -അയര്‍ക്കുന്നം റൂട്ടിലോടുന്ന മാതാ ബസിലെ ഡ്രൈവറെയും മദ്യപിച്ചതിന്‌ പോലീസ്‌ പിടികൂടിയിരുന്നു.

തുടര്‍ന്ന്‌ ബസ്‌ അടക്കം കസ്‌റ്റഡിയില്‍ എടുത്ത്‌ വെസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി. ഉച്ചയ്‌ക്ക്‌ പോലീസ്‌ നിര്‍ദേശ പ്രകാരം സ്‌റ്റേഷന്‌ വെളിയില്‍ വന്നപ്പോഴാണ്‌ അനൂപിന്‌ നായയുടെ കടിയേല്‍ക്കുന്നത്‌. സ്‌റ്റേഷന്‍ വളപ്പില്‍ പ്രസവിച്ചുകിടന്ന്‌ തെരുവ്‌ നായ കൂട്ടത്തിലുണ്ടായിരുന്ന എല്ലാവരെയും ആക്രമിച്ചെങ്കിലും അനൂപിന്‌ മാത്രമാണ്‌ കടിയേറ്റത്‌.

കാലില്‍ രണ്ടിടത്ത്‌ കടിയേറ്റ അനൂപിനെ ജില്ലാ ആശുപത്രയില്‍ എത്തിച്ചെങ്കിലും പേ വിഷബാധക്കുള്ള  മരുന്നില്ലന്നു പറഞ്ഞ്‌ തിരിച്ചയ്‌ക്കുകയായിരുന്നു. തുടര്‍ന്ന്‌ ആശുപത്രിയില്‍ നിന്നു ഓട്ടോയില്‍ സ്‌റ്റേഷനിലെത്തിയ ഇവര്‍ പോലീസില്‍ വിവരമറിയിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രയില്‍ ചികിത്സ തേടി.