വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്ര ഒരു കോടിയുടെ കാരവനിൽ

single-img
23 November 2015

vellapalli-caravanകൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം തന്നെ അവകാശപ്പെടുന്ന സമത്വമുന്നേറ്റ യാത്ര തുടങ്ങും മുൻപേ വിവാദത്തിന്റെ നിഴലിൽ. മുന്നേറ്റയാത്ര ഒരു കോടിയോളം വിലവരുന്ന ആഡംബര കാരവാനിലാണ് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ നയിക്കുക. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് ഒരു കോടി രൂപ ചിലവഴിച്ച് ഇതിനായി പ്രത്യേക കാരവൻ തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചി പറവൂറിലെ എസ്.എൻ.ഡി.പി നേതാവ് ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള കളപ്പുപ്പറമ്പിൽ ഓട്ടോമൊബൈൽസ് എന്ന കാരവൻ നിർമ്മാണകേന്ദ്രത്തിലായിരുന്നു വാഹനത്തിന്റെ നിർമ്മാണം. ടെമ്പോ ട്രാവലർ വാൻ വൻതുക മുടക്കി അത്യാധുനിക സൗകര്യങ്ങളുള്ള കാരവനാക്കി മാറ്റിയെടുത്തിരിക്കുകയാണ്. സിനിമാതാരങ്ങൾ ഉപയോഗിക്കുന്ന അത്യാഡംബര വാനിറ്റി വാനെ പോലും വെല്ലുന്ന സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

വെള്ളാപ്പളിയുടെ കസേരയ്ക്ക് മാത്രം ലക്ഷങ്ങളാണ് വില. കൂടാതെ എസി, ടിവി, കെമിക്കൽ ടൊയിലറ്റ്, കിച്ചൻ തുടങ്ങിയ സജ്ജീകരണങ്ങളും ഇതിലുണ്ട്. ഇതിനുപുറമെ മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള സംവിധാനങ്ങളും ഇതിൽ ഒരുക്കിയിരിക്കുന്നു.

സമത്വമുന്നേറ്റ യാത്രയ്ക്കായി വെള്ളാപ്പള്ളി കാരവൻ നിർമ്മിച്ചതിനെ തുടർന്ന് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ നിർമ്മാണച്ചിലവ് വെള്ളാപ്പള്ളി സ്വന്തം കീശയിൽ നിന്നാണോ മുടക്കിയത് എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. എസ്.എൻ.ഡി.പിയുടെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കാരവൻ നിർമ്മിച്ചിരിക്കുന്നെങ്കിൽ സമത്വമുന്നേറ്റ യാത്ര വലിയ ധൂർത്തിന് കൂടിയാണ് വേദിയാകുക.