ജെ.ഡി.യുവുമായി ലയിക്കുന്നതിന് ജനതാദൾ എസ്സിന് എതിർപ്പ്; ജെഡിയുവിന്റേത് വിലപേശൽ രാഷ്ട്രീയമെന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്

single-img
22 November 2015

veeraഎം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുണൈറ്റഡുമായി (ജെ.ഡി.യു) ലയിക്കാനുള്ള തീരുമാനത്തെ ചൊല്ലി ജനതാദളിൽ ഭിന്നത. ജെ.ഡി.യുവുമായി ലയിക്കാൻ എതിർപ്പ് പ്രകടിപ്പിച്ച ജനതാദൾ എസ് (ജെ.ഡി.എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിന്റെ നിലപാട് വകവെയ്ക്കാതെ ദേശീയ നിർവ്വാഹക സമിതിയംഗം എം.കെ. പ്രേംനാഥ് വീരേന്ദ്രകുമാറുമായി ചർച നടത്തി. ഞായറാഴ്ച രാവിലെ വിരേന്ദ്രകുമാറിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
നിയമസഭാ തെരെഞ്ഞെടുപ്പിന് മുൻപ് ഇരുകക്ഷികളും തമ്മിൽ ലയിക്കണമെന്ന് ചർചയ്ക്ക് ശേഷം പ്രേംനാഥ് പറഞ്ഞു. ജെ.ഡി.യുവും ജെഡിഎസ്സും ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനതാദൾ യുണൈറ്റഡുമായി ലയനത്തിനില്ലെന്ന് മാത്യു ടി. തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാ തെരെഞ്ഞെടുപ്പിലും വിലപേശൽ രാഷ്ട്രീയമാണ് ജെഡിയു പയറ്റുന്നതെന്നും ഇടതുപക്ഷത്തേക്ക് ചേരുന്നുവെന്ന പുകമറ സൃഷ്ടിച്ച് യുഡിഎഫിൽ നിന്നും കൂടുതൽ സീറ്റ് സ്വന്തമാക്കുകയാണ് ജെഡിയുവിന്റെ ലക്ഷ്യമെന്നും തോമസ് ആരോപിച്ചു.
അതേസമയം മാത്യു തോമസ് ഏത് സാഹചര്യത്തിൽ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നായിരുന്നു വിരേന്ദ്രകുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രേംനാഥിന്റെ പ്രതികരണം. ജെഡിയുവിനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ജെഡിയു ഇടത്പക്ഷവുമായി അണിചേർന്നാൽ ഇപ്പോൾ ജെഡിഎസ്സിന് ലഭിക്കുന്ന സ്ഥാനം നഷ്ടമാകുമെന്ന് ഭയന്നാണ് മാത്യു ടി. തോമസ് ജെഡിയുവുമായുള്ള ലയനത്തിന് എതിർക്കുന്നത് എന്നാണ് ജെഡിയു പക്ഷത്തിന്റെ വാദം.