ഉമ്മൻചാണ്ടി സംഘപരിവാറിന്റെ അനുചാരനാണെന്ന് വിഎസ്; സർക്കാർ ജീവനക്കാരുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ നടപടി സാംസ്‌കാരിക ഫാസിസം, സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം

single-img
22 November 2015

V-S-Achuthanandan-636-4872തിരുവനന്തപുരം; സർക്കാർ ജീവനക്കാരുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുവാനുളള സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്ത്. സർക്കാരിന്റെ നടപടി സാംസ്കാരിക ഫാസിമാണെന്ന് പറഞ്ഞ വി.എസ് നിയന്ത്രണം ഉടൻ പിൻവലിച്ചില്ലെങ്കിൽ പ്രതിപക്ഷം കടുത്ത പ്രക്ഷോഭത്തിനിറങ്ങുമെന്നും വ്യക്തമാക്കി. ഉമ്മൻചാണ്ടി സംഘപരിവാറിന്റെ അനുചരനാണെന്ന കാര്യം ഈ നടപടിയിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും വിഎസ് ആരോപിച്ചു.

ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്ത് പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ ജീവനക്കാരുടെ സാഹിത്യ സൃഷ്ടികളോ, ഗവേഷണ പ്രബന്ധങ്ങളോ, ലേഖന സമാഹാരങ്ങളോ, പഠനസഹായികളോ പുസ്തകമാക്കണമെങ്കിൽ അതിന്റെ പ്രസാധകൻ, അവതാരിക എഴുതിയ ആൾ എന്നിവരുടെ വിവരങ്ങൾ വരെ സർക്കാരിന് മുൻകൂട്ടി നൽകണമെന്ന് ഉത്തരവിൽ വ്യക്തമായിട്ടുണ്ട്. പുസ്തകത്തിന് നിശ്ചയിക്കുന്ന വില വ്യക്തമാക്കുകയും അതിൽ ലാഭമോഹമില്ലാതെ ന്യായവില മാത്രമെ ഈടാക്കുന്നുവുള്ളുവെന്നും സത്യവാങ്മൂലം നൽകുകയും വേണം.

കൂടാതെ പുസ്തകത്തിൽ ദേശതാത്പര്യത്തെ ഹനിക്കുന്നതും, സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതുമായ യാതൊന്നും ഇല്ലെന്നുമുളള സത്യപ്രസ്താവനയും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സ്വകാര്യ റേഡിയോ, ടെലിവിഷൻ ചാനലുകൾ നടത്തുന്ന കലാ-കായിക-വിനോദ-ഭാഗ്യാന്വേഷണ പരിപാടികൾ എന്നിവയിൽ പങ്കെടുക്കണമെങ്കിൽ മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങണം. ഓരോന്നും വെവ്വേറെ പരിശോധിച്ചശേഷമാകും അനുമതി നൽകുകയെന്നും ഉത്തരവിൽ പറയുന്നു.

ടെലിവിഷൻ ചാനലുകൾ, സ്വകാര്യ റേഡിയോകൾ എന്നിവയിൽ വാർത്താധിഷ്ടിതമോ, അല്ലാത്തതോ ആയ പരിപാടികൾ അവതരിപ്പിക്കുന്നവർക്കും വിലക്കുകൾ വരും. എന്നാൽ ഇതിനുളള മാനദണ്ഡങ്ങളോ, അപേക്ഷകൾ ആര് പരിശോധിക്കുമെന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

ജോലിയിൽ വീഴ്ച വരുത്താതെയും, പ്രതിഫലം കൈപ്പറ്റാതെയും സർക്കാർ ജീവനക്കാർക്ക് അനുമതി ഇല്ലാതെ കലാ-സാഹിത്യ-ശാസ്ത്ര-സാംസ്‌കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാമായിരുന്നു. പുതിയ പെരുമാറ്റച്ചട്ട ഭേദഗതിയോടെ ഇതുവരെ ഉണ്ടായിരുന്ന അവസരങ്ങളാണ് സർക്കാർ ജീവനക്കാർക്ക് നഷ്ടമാകുന്നത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ഒഴിച്ച് സർക്കാർ ജീവനക്കാരുടെ സംഘടനകളൊന്നും തന്നെ നടപടിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.