ഇന്ത്യയിൽ ബീഫ് വിൽക്കുന്നവരിൽ 95%വും ഹിന്ദുക്കൾ: രജീന്ദർ സച്ചാർ

single-img
22 November 2015

Justice-Rajinder-Sacharലഖ്‌നൗ: ഇന്ത്യയിൽ ബീഫ് വിൽപ്പന നടത്തുന്ന വ്യാപാരികളിൽ 95 ശതമാനവും ഹിന്ദുക്കളാണെന്ന് ദില്ലി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രജീന്ദർ സച്ചാർ. പശുമാസം കഴിച്ചുവെന്നാരോപിച്ച് ഒരാൾ രാജ്യത്ത് കൊല്ലപ്പെടുന്നത് വെറും മരണമല്ല, മനുഷ്യത്വത്തിന്റെ മരണമാണെന്നും, ബീഫ് കഴിക്കുവാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിയിലെ മഥുര ആർസി കോളേജിൽ ‘റാഡിക്കൽ ഇസ്ലാം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു സച്ചാർ.

ഇന്ത്യയിൽ എംഎൽഎമാരും എംപിമാരും ഉൾപ്പടെ ബീഫ് കയറ്റുമതി സ്ഥാപനങ്ങൾ നടത്തുമ്പോൾ ബീഫ് കഴിച്ചതിന്റെ പേരിൽ ഒരാളെ എന്തിനാണ് തല്ലിക്കൊല്ലുന്നതെന്നും സച്ചാർ ചോദിച്ചു.

അതേസമയം അനേകം രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൾ രജീന്ദർ സച്ചാർ ഹിന്ദുവിരുദ്ധ പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന ആരോപണമുയർത്തി കോളേജിലെ അധ്യാപകർ ഉൾപ്പെടെ പലരും സെമിനാറിൽ നിന്നും ഇറങ്ങിപ്പോയി. കൂടാതെ ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി വരികയും, സച്ചാറിന്റെ വീടിനു മുന്നിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.

നേരത്തെ മുസ്ലീം ന്യൂനപക്ഷങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു രജീന്ദർ സച്ചാർ. മുസ്ലീങ്ങൾക്ക് പ്രത്യേക സംവരണം ഉൾപ്പെടെയുളള നിർദേശങ്ങൾ അദ്ദേഹം മുന്നോട്ട് വച്ചിരുന്നു.