ബംഗ്ലാദേശിൽ മുൻമന്ത്രിയുൾപ്പടെ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിക്കൊന്നു

single-img
22 November 2015

ab7b33eefcbf49818b041a152c690fbc_18ധാക്ക: ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്താൻ സൈന്യവുമായി ചേർന്ന് പ്രവർത്തിച്ച രണ്ട് പ്രതിപക്ഷ നേതാക്കളെ ബംഗ്ലാദേശ് തൂക്കിലേറ്റി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് സലാവുദ്ദീൻ ഖാദർ ചൗധരി, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ അലി അഹ്‌സൻ മുഹമ്മദ് മുജാഹിദ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.

1971ൽ സമരസേനാനികളെ കൂട്ടക്കൊല നടത്തിയ കേസിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. ശനിയാഴ്ച രാത്രി 12.55 ന് ധാക്ക സെൻട്രൽ ജയിലിൽ വച്ചാണ് തൂക്കിലേറ്റിയത്. കഴിഞ്ഞ ബുധനാഴ്ച ഇവരുടെ റിവ്യൂ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ശനിയാഴ്ച പ്രസിഡന്റ് ദയാഹർജി കൂടി തള്ളിയതോടെയാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷക്ക് മുമ്പ് ഇരുവരേയും ബന്ധുക്കളെ കാണാനനുവദിച്ചിരുന്നു.

ചിറ്റഗോങിലെ കുന്നിൻ മുകളിൽ സമരസേനാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര കോടതി 2013 ലാണ് മുൻ മന്ത്രികൂടിയായ സലാവുദ്ദീൻ ഖാദറിന് വധശിക്ഷ വിധിച്ചത്.
1971 ലെ സമരകാലത്ത് പത്രപ്രവർത്തകരേയും ശാസ്ത്രജ്ഞരേയും ബുദ്ധിജീവികളേയും മറ്റും കൂട്ടക്കൊല ചെയ്യാൻ പദ്ധതിയിട്ടതിനാണ് അലി അഹ്സൻ മുഹമ്മദ് മുജാഹിദിന് 2013 ജൂലൈ 17 ന് അന്താരാഷ്ട്രകോടതി വധശിക്ഷ വിധിച്ചത്. ഹിന്ദുക്കളുടെ കൂട്ടക്കൊലയ്ക്കും ഇയാൾ ഉത്തരവാദിയാണെന്ന് കണ്ടെത്തിയിരുന്നു.