ക്രിസ്തുമസ് പരീക്ഷ അടുത്തിട്ടും പാഠപുസ്തകങ്ങൾ എത്തിയില്ല, വിദ്യാർഥികൾ ആശങ്കയിൽ

single-img
22 November 2015

imagesതിരുവനന്തപുരം:
ക്രിസ്തുമസ് പരീക്ഷയ്ക്ക് ദിവസങ്ങൾ ശേഷിക്കെ വിദ്യാർഥികൾക്ക് ഇനിയും പാഠപുസ്തകങ്ങൾ എത്തിയില്ല. ഓണപ്പരീക്ഷ എഴുതിയപോലെ ഇത്തവണയും പുസ്തകമില്ലാതെ പരീക്ഷയ്ക്ക് പഠിക്കേണ്ട സ്ഥിതിയാണ് സംസ്ഥാനത്തെ വിദ്യാർഥികൾക്ക്.

കെബിപിഎസിനാണ് പുസ്തകത്തിന്റെ അച്ചടിച്ചുമതല. രണ്ടാംഘട്ടത്തിൽ 1.33 കോടിയാണ് അച്ചടിക്കാൻ കെബിപിഎസിനെ ഏൽപ്പിച്ചിരുന്നത്. ഇതിൽ 1.25 കോടി പുസ്തകം കെബിപിഎസ് അച്ചടിച്ചു. നേരത്തെ അച്ചടിച്ചതിൽ ശേഷിച്ച പുസ്തകങ്ങൾകൂടി ഉൾപ്പെടുത്തി നിശ്ചിത എണ്ണം പൂർത്തീകരിച്ചതായി കെബിപിഎസ് പറയുന്നു.

അതേസമയം വിദ്യാലയങ്ങളിൽ പുസ്തകമെത്തിയില്ലെങ്കിൽ ഉത്തരവാദി തങ്ങളല്ലെന്നും ഐടി അറ്റ് സ്കൂളാണെന്നുമാണ് കെബിപിഎസിന്റെ നിലപാട്. ഐടി അറ്റ് സ്കൂൾ വഴിയാണ് ആവശ്യമുള്ള പുസ്തകത്തിന്റെ കണക്കുകൾ ശേഖരിക്കുന്നത്. ഈ കണക്കിലുണ്ടായ പിഴവായിരിക്കാം പുസ്തകം എത്താതിരിക്കുന്നതിന് കാരണമെന്നും കെബിപിഎസ് വ്യക്തമാക്കുന്നു.

എന്നാൽ ഐടി അറ്റ് സ്കൂളിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും 12,000 സ്കൂളുകൾ ആവശ്യപ്പെട്ടതിലും 10 ശതമാനം അധികം എണ്ണം കണക്കാക്കിയാണ് അച്ചടി ഓർഡർ കെബിപിഎസിന് നൽകിയിട്ടുള്ളതെന്ന് ഐടി അറ്റ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന വൊക്കേഷണൽ ഹയർ സെക്കന്‍ഡറി ഡയറക്ടർ കെ പി നൗഫൽ അറിയിച്ചു. വീഴ്ച വന്നിട്ടുണ്ടെങ്കിൽ ഓർഡർ നൽകിയശേഷം പുസ്തം ഡിപ്പോകളിൽ നിന്ന് ഏറ്റുവാങ്ങാത്ത സ്കൂൾ അധികാരികളായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാംഘട്ടത്തിലെ പുസ്തകംപോലും ലഭിച്ചിട്ടില്ലെന്നാണ് വിദ്യാൾഥികൾ പറയുന്നത്. പാഠപുസ്തകത്തിന്റെ പകർപ്പെടുത്താണ് അവർ പഠിക്കുന്നത്. പുസ്കമെത്തിയ വിദ്യാലയങ്ങളിൽ നിന്ന് പാഠപുസ്കം താത്കാലികമായി കടംവാങ്ങുകയാണ് ചില വിദ്യാലയങ്ങളിൽ ചെയ്തത്. ഡിസംബർ പത്തിനാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കുന്നത്.