ലോകത്തുള്ള മുഴുവന്‍ മുസ്ലീം ജനസംഖ്യ യെടുത്താല്‍ അവരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ എണ്ണമെന്ന് പഠനം

single-img
16 November 2015

ISIS-militants

പാരീസ്: ലോക മുസഌങ്ങളില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി(ഐഎസ്) ബന്ധപ്പെടുന്നവര്‍ മുസ്ലീം ജനസംഖ്യയില്‍ ഒരു ശതമാനത്തിലും താഴെയെന്ന് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം. ലോകത്തെ മുഴുവന്‍ മുസ്ലീം ജനതയുടെ 0.0019 ശതമാനം പേര്‍ മാത്രമാണ് ഐഎസ് തീവ്രവാദികളെന്നും എല്ലാ ഇസ്ലാം തീവ്രവാദ സംഘടനകള്‍ ചേര്‍ന്നാലും അത് വെറും രണ്ടു ശതമാനത്തില്‍ താഴെയേ വരൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് ലോകം മുഴുവനുമുള്ള സാധാരണ മുസ്ലിമീങ്ങള്‍ പോലും സംശയത്തിന്റെ നിഴലില്‍ പെടുന്നുണ്ടെന്നതാണ് സത്യം. ലോകത്തെ 1.6 ബില്യണ്‍ മുസ്ലീം ജനസംഖ്യയില്‍ ഐഎസ് തീവ്രവാദികള്‍ വെറും 31,500 മാത്രമാണുള്ളത്. സാധാരണക്കാര്‍ക്ക് ഭീകരതയില്‍ താത്പര്യമോ പങ്കാളിത്തമോ ഇല്ല. എന്നിട്ടും ഒരു ചെറിയ സമൂഹത്തിന്റെ ചെയ്തികളുടെ പേരില്‍ ഇവരും വേട്ടയാടപ്പെടുന്നു.

സിറിയ, ഇറാഖ് എന്നിവിടങ്ങള്‍ ഉള്‍പ്പടെ നിത്യ ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്നവരാണ് ഭൂരി ഭാഗം മുസ്ലീം ജനതയും. ഒരു ചെറിയകൂട്ടം യാതൊരു വികാരവുമില്ലാതെ ലോകത്ത് നാശം വിതയ്ക്കുമ്പോള്‍ ലോകത്തെ 99 ശതമാനം മുസ്ലീംങ്ങളും വെറുക്കപ്പെട്ടവരായി മാറുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ 120 ലധികം പേരുടെ മരണത്തിനിടയാക്കിയ സംഭവം കൂടിയായതോടെ ഐ.എസ് ഭീകരര്‍ ലോകത്ത് വീണ്ടും ഭീതി വിതച്ചിരിക്കുകയാണ്.

ആഴ്ചകള്‍ക്ക് മുമ്പ് ഈജിപ്തില്‍ റഷ്യന്‍ യാത്രാ വിമാനവും ഐഎസ് തകര്‍ത്തിരുന്നു. സിറിയയിലും ഇറാഖിലും പതിനായിരക്കണക്കിന് സാധാരണക്കാര്‍ ഐഎസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. പാരീസ് ആക്രമണത്തെ മിക്ക ഇസ്ലാമികരാഷ്ര്ടങ്ങളും അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.