ദുബൈയില്‍ തൊഴിലാളി അപകടത്തില്‍പ്പെടുന്നത് റിപ്പോര്‍ട്ട് ചെയ്യാത്ത കമ്പനികള്‍ക്ക് 10,000 ദിര്‍ഹം പിഴ

single-img
13 November 2015

Labour

ദുബൈയില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് തൊഴില്‍ സ്ഥലങ്ങളില്‍ തൊഴില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം കര്‍ശന നിദേശം നല്‍കി. മാത്രമല്ല തൊഴില്‍ ചെയ്യുമ്പോഴുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും തൊഴിലിനിടെയുണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നത് വൈകാതെ അധികൃതരെ വിവരമറിയിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ിതിന് താമസം വരുത്തുന്ന കമ്പനികളില്‍ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ജോലിക്കിടെ അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നത് ഒഴിവാക്കാന്‍ സുരക്ഷിത തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പരിശോധന വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മഹര്‍ അല്‍ അബദ് അറിയിച്ചു. തൊഴിലിനിടെ പരിക്ക്, രോഗം, മരണം എന്നിവ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് നിയമ ലംഘനമാണെന്നും ഇത്തരം കമ്പനികളില്‍ നിന്ന് 10,000 ദിര്‍ഹം പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ പ്രശ്‌നം പരിഹരിക്കുന്നത് വരെ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തൊഴില്‍ സമയത്തും തൊഴില്‍ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയില്‍ സംഭവിക്കുന്ന അപകടങ്ങളും ഇതിന്റെ പരിധിയില്‍ വരും. ആരോഗ്യമന്ത്രാലയത്തിന്റെ പട്ടികയില്‍ പെട്ട ഏതെങ്കിലും രോഗങ്ങള്‍ പിടിപെട്ടാലും മന്ത്രാലയത്തെ വിവരമറിയിക്കേണ്ടതാണ്. തൊഴില്‍ സ്ഥലത്ത് എന്തെങ്കിലും അപകടമുണ്ടായാല്‍ യാത്രാ ചെലവുകള്‍ക്ക് പുറമെ രോഗം ഭേദമാകുംവരെയോ തൊഴിലാളിക്ക് സ്ഥിരം അംഗവൈകല്യമുണ്ടാകുന്നതായി വ്യക്തമാകുകയോ ചെയ്യുന്നതു വരെയുള്ള ചികിത്സാ ചെലവുകളും അതത് കമ്പനികള്‍ വഹിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.