മാറ്റത്തിന്റെ ശംഖൊലി മുഴക്കി കിഴക്കമ്പലം എന്ന ഗ്രാമത്തില്‍ നിന്നും ആളിപ്പടര്ന്നുതുടങ്ങുന്നു, ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മ കേരളമാകെ

കേരളത്തില്‍ മാറ്റത്തിന്റെ പുതുശബ്ദവുമായെത്തി കഴിക്കമ്പലത്ത് ഭരണം പിടിച്ച ട്വന്റി-20 എന്ന ജനകീയ കൂട്ടായ്മയുടെ സാരഥിയും കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി ജേക്കബ് ഇ-വാര്‍ത്തയോട് സംസാരിക്കുന്നു |
കേരളത്തില്‍ ഇപ്പോള്‍ മാറ്റത്തിന്റെ കാലമാണ്. സോഷ്യല്‍മീഡിയകളുടെ ഇടപെടലോടെ ചിന്തകള്‍ക്കൊപ്പം തീരുമാനങ്ങള്‍ക്കും ചിറകുമുളച്ചു തുടങ്ങിയരിക്കുന്നു. കാലങ്ങളായി ഇടതു-വലതു- ബി.ജെ.പി പാര്‍ട്ടികളുടെ കീഴില്‍ അഭയം കണ്ടെത്തിയിരുന്ന ഒരു ജനസമൂഹം മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അതിനുദാഹരണമാണ് ആം ആദ്മി എന്ന പാര്‍ട്ടിയുടെ ഉദയവും അതിന്റെ ഡെല്‍ഹിയിലെ പടയോട്ടവും. കുറച്ചു വൈകിയാണെങ്കിലും അത്തരമൊരു പടയോട്ടത്തിന് ഇങ്ങ് കേരളത്തിലെ ഒരു പഞ്ചായത്തും സാക്ഷ്യം വഹിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി എന്ന ജനകീയ കൂട്ടായ്മ തങ്ങളുടെ വിയത്തേരോട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. രാഷ്ട്രീയ മുന്നണികള്‍ മാറി മാറി ഭരണം നടത്തിയിരുന്ന മണ്ഡലത്തില്‍ ഇതാദ്യമായാണ് ഒരു ജനകീയ കൂട്ടായ്മ ഭരണം നേടുന്നത്. കേരളത്തിലെ പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയായ കിറ്റക്സ് ഗ്രൂപ്പിന്റെ സാരഥികളായ സാബു എം. ജേക്കബ്, ബോബി എം. ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്തില്‍ ഇരുമുന്നണികളെയും പിന്തള്ളിയാണ് ട്വന്റി ട്വന്റി കൂട്ടായ്മ ഭരണം പിടിച്ചെടുത്തത്. 2010ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് യുഡിഎഫായിരുന്നു ഗ്രാമപ്പഞ്ചായത്ത് ഭരിച്ചിരുന്നത്. എന്നാല്‍ ഇക്കുറി എല്ലാം മാറ്റിമറിച്ചുകൊണ്ട് കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ 17ലും ട്വന്റി ട്വന്റി സ്ഥാനാര്‍ഥികള്‍ ജയിച്ച് അധികാരമേറ്റിരിക്കുകയാണ്.
വിജയിച്ച ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ശ്രീ കെ.വി ജേക്കബ് വ്യാഴാഴ്ച കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു.
ജനങ്ങളെ കോര്‍പറേറ്റ് വലയുടെ ഉള്ളില്‍ വീഴ്ത്തി ഒരു സമാന്തര- അരാഷ്ട്രീയ ഭരണകൂടം മെനയുകയാണ് ട്വന്റി-20 ചെയ്യുന്നതെന്ന ആരോപണം നിലനില്ക്കേതന്നെ, ഞങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ജനങ്ങള്‍ക്കുവേണ്ടി മാത്രമാണെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ഈ ഭരണസമിതിയും കൂട്ടായ്മയും. ട്വന്റി ട്വന്റി പ്രവര്‍ത്തകനും കിഴക്കമ്പലം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റുമായ ശ്രീ കെ.വി ജേക്കബ് ഇവാര്‍ത്തയോട്: മനസ്സുതുറക്കുന്നു.
ട്വന്റി ട്വന്റി എന്ന കൂട്ടായ്മയ്ക്ക് പിന്നിലെ വികാരം? |
നമ്മുടെ ജനത ഒരുപാട് പ്രതിസന്ധികള്‍ക്ക് നടുവിലാണ് ജീവിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍, കുടിവെള്ളം ഇല്ലായ്മ, പട്ടിണി തുടങ്ങി നിരവധി പ്രതിസന്ധികള്‍. ജനങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ സര്‍ക്കാരിന് കഴിയാതെ വന്ന സാഹചര്യത്തിലും, ദിനംപ്രതി ജനങ്ങളുടെ അവസ്ഥ ദയനീയമായി കൊണ്ടിരുന്ന സാഹചര്യാത്തിലുമാണ് ഇങ്ങനെയൊരു ജനകീയ കൂട്ടായ്മ പിറന്നത്.
കിറ്റക്സ് ഗാര്‍മെന്റ്സ് മേധാവി ശ്രീ സാബു എം. ജേക്കബാണ് ഇതിനുപിന്നിലെ വ്യക്തി. അദ്ദേഹത്തിന്റെ കമ്പനിയുടെ ക്ഷേമഫണ്ടില്‍ നിന്നും മറ്റ് കോര്‍പ്പറേറ്റുകള്‍ അനുവദിക്കുന്ന ഫണ്ടുകളും വിനിയോഗിച്ചാണ് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ട്വന്റി ട്വന്റി നടപ്പിലാക്കുന്നത്.
സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വളരെയധികം കാലതാമസം നേരിടേണ്ടിവരുന്നു. എന്നാല്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെല്ലാം തന്നെ ട്വന്റി ട്വന്റി കൂട്ടായ്മയിലൂടെ വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്തു കൊടുക്കുന്നുവെന്നുള്ളതാണ് ഇവിടുത്തെ മെച്ചം.
മുന്നണികള്‍ മാറി മാറി ഭരിച്ചിരുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ പുതിയൊരു മാറ്റം കുറിച്ചുകൊണ്ടുള്ള ട്വന്റി ട്വന്റി വിജയത്തെ എങ്ങനെ വിലയിരുത്തുന്നു? |
ഇത് ജനങ്ങള്‍ വിധിച്ച വിജയമാണ്. ഇത് ജനങ്ങളുടെ മാത്രം വിജയമാണ്. വിലക്കയറ്റവും ദാരിദ്ര്യവും മൂലം പാവപ്പെട്ട ജനങ്ങള്‍ പൊറുതി മുട്ടുന്ന സാഹചര്യത്തിലാണ് വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയത്. സര്‍ക്കാരുകള്‍ ചെയ്യേണ്ടത് ഞങ്ങള്‍ ചെയ്തപ്പോള്‍ ജനങ്ങള്‍ ഞങ്ങളോടൊപ്പം നിന്നു. സത്യത്തില്‍ ജനങ്ങളുടെ വികാരമാണ് തെരെഞ്ഞെടുപ്പിലൂടെ നടപ്പിലായത്.
ട്വന്റി ട്വന്റിയുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഫലവത്തായതാണ് കുറഞ്ഞ വിലയ്ക്ക് വീട്ടുസാധനങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്തുകൊണ്ടുള്ള ട്വന്റി ട്വന്റി നഗര്‍. പല നിത്യോപയോഗ സാധനങ്ങളും ഇവിടെ പകുതി വിലയ്ക്കാണ് നല്‍കുന്നത്. സിവില്‍ സപ്ലൈസ് കോര്പറേഷന് പോലും ജനങ്ങള്‍ക്ക് ഇത്ര വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കുന്നില്ല എന്നതാണ് വസ്തുത.
തെരെഞ്ഞെടുത്ത പ്രതിനിധികള്‍ക്ക് പ്രതിഫലം നല്‍കാനുള്ള ട്വന്റി ട്വന്റി നയത്തെ വ്യക്തമാക്കാമോ? |
പൊതുപ്രവര്‍ത്തകര്‍ കൂടുതല്‍ സമയവും നാടിന്റെ കാര്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ്. അതേസമയം അവരുടെ കുടുംബത്തിന്റെ കാര്യം ആരും ചിന്തിക്കുന്നില്ല. സ്വന്തമായി വരുമാനം അവര്‍ക്ക് ലഭിക്കാത്തതിനാലാണ് അഴിമതി ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. പ്രതിനിധികള്‍ക്ക് പ്രതിഫലം നല്‍കുന്നതിലൂടെ ഇത് ഒഴിവാക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നു.
ട്വന്റി ട്വന്റി സൂപ്പര്‍ മാര്‍ക്കറ്റിലൂടെ വളരെയധികം വിലക്കിഴിവിലാണ് അവശ്യസാധനങ്ങള്‍ നല്ക്കുന്നത്. ഇത് എങ്ങനെ സാധ്യമാക്കുന്നു?? |
ഇത്രയധികം വിലക്കുറവില്‍ സാധനങ്ങള്‍ നല്കുമ്പോള് പ്രതിമാസം ഏകദേശം ഒരു കോടി രൂപയോളം നഷ്ടം വരുന്നുണ്ട്. എന്നാല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയില് യാതൊരു കുറവും വരുത്തുന്നില്ല. ജനിച്ചു വളര്‍ന്ന നാടിനു വേണ്ടി നന്മ ചെയ്യുന്നതിനായി നിശ്ചയിച്ച സാബു സാറിന്റെയും സഹോദരന് ബോബി സാറിന്റെയും കഠിനപ്രയത്നങ്ങളാണ് ഇതിനെല്ലാം പിന്നില്‍.
സമാന്തര സര്‍ക്കാരാകാനുള്ള ശ്രമമാണെന്ന ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു? |
ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്നും അരാഷ്ട്രീയമാണെന്നും സമാന്തര ഗവണ്മെന്റ് ആണെന്നുമൊക്കെയാണ് ട്വന്റി ട്വന്റിയ്ക്കെതിരേ ഉയരുന്ന ആക്ഷേപങ്ങള്‍. ഇതിലൊന്നും വസ്തുതയില്ല. സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നു എന്നേയുള്ളൂ. ജനനന്മ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് അധികാരം ആവശ്യമാണെന്ന് തോന്നിയപ്പോള്‍ അതിനായി പ്രയത്നിച്ചു. അതിന് തക്കതായ കാരണങ്ങളുമുണ്ട്.
ട്വന്റി ട്വന്റിയുടെ തുടക്കത്തില്‍ അധികാര രാഷ്ട്രീയമെന്ന ചിന്തയുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടുള്ള സ്ഥിതിഗതികള്‍ ആ നിലപാടിന് മാറ്റം വരുത്തി. ട്വന്റി20യുടെ പ്രവര്‍ത്തനങ്ങളിള്‍ ഓരോ ഘട്ടങ്ങളിലും പഞ്ചായത്തിന്റേയും അധികാരികളുടേയും ഭാഗത്തു നിന്നും നിരന്തരമായ എതിര്‍പ്പുകള്‍ നേരിടേണ്ടതായി വന്നിരുന്നു. കുടിവെള്ള പദ്ധതികള്‍, റോഡ് നിര്‍മാണം, വീടുകള്‍, കക്കൂസ് നിര്‍മാണം എന്നു വേണ്ട എന്തിനും ഏതിനും തടസങ്ങള്‍ നേരിട്ടു.
സര്‍ക്കാര്‍ ഇവിടെ റോഡ് നിര്‍മ്മിച്ചു എന്നാല്‍ റബ്ബറൈസ്ഡ് ടാറിങ്ങ് ട്വന്റി ട്വന്റിയാണ് ചെയ്തത്. ടാറിങ്ങിന് പഞ്ചായത്തില്‍ നിന്നും അനുമതി കിട്ടാനായി വളരെ പണിപ്പെട്ടു. ഇന്ന് നിര്‍ദ്ധനരായവര്‍ക്ക് വേണ്ടിയുള്ള ഭവന നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം സര്‍ക്കാര്‍ അനുമതി അനിവാര്യമാണ്. എന്നാല്‍ അധികാരമുണ്ടെങ്കില്‍ ഇതൊക്കെ നടപ്പിലാക്കാന്‍ എളുപ്പമാകും എന്ന് വിശ്വാസമാണ് ട്വന്റി ട്വന്റിയെ ഇന്ന് ഈ നിലയിലെത്തിച്ചത്.
കിറ്റക്സ് പോലുള്ള കോര്‍പ്പറേറ്റുകളാണ് ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത്. അതിനാല്‍ ട്വന്റി ട്വന്റി ഒരു കോര്‍പ്പറേറ്റ് സ്പോണ്‍സേഡ് കൂട്ടായ്മ ആണെന്ന് പറയുകയാണെങ്കില്‍ എങ്ങനെ പ്രതികരിക്കും? |
അങ്ങനെയല്ല. കിറ്റക്സ് സ്ഥാപകന്‍ ജേക്കബ് സാര്‍ തുടങ്ങിവച്ച കാര്യങ്ങളാണ് ജനക്ഷേമ പദ്ധതികള്‍. അതിപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ ഏറ്റെടുത്ത് നടത്തുന്നു. ഇതിനായി ജനകീയ കൂട്ടായ്മയ്ക്കും അവര്‍ രൂപം കൊടുത്തു. ഈ പ്രയത്നത്തില്‍ പങ്കാളികളാകാന്‍ താത്പര്യം പ്രകടിപ്പിച്ച അനേകം കോര്‍പ്പറേറ്റുകളില്‍ നിന്നും ഫണ്ട് സ്വീകരിക്കുന്നുമുണ്ട്.
നിര്‍ധരരായ അര്‍ഹതയുള്ളവര്‍ക്ക് ഇവരുടെ സഹായത്താല്‍ ട്വന്റി ട്വന്റി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. ഇതിന്റെ മുഴുവന്‍ ഗുണവും ജനങ്ങള്‍ക്ക് തന്നെയാണ്.
ഇപ്പോള്‍ ഒരുദാഹരണം പറയുകയാണെങ്കില്‍, ഇന്ദിരാ ഗാന്ധി ആവാസ് യോജനാ പദ്ധതിപ്രകാരം വീടില്ലാത്തവര്‍ക്ക് 2 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ ഈ രണ്ട് ലക്ഷം കൊണ്ട് ഒരാള്‍ക്ക് വീടിന്റെ അടിസ്ഥാനം മാത്രമാണ് നിര്‍മ്മിക്കാന്‍ കഴിയുക. ഇതിനു പരിഹാരമായി ട്വന്റി ട്വന്റി ചെയ്യുന്നത് എന്തെന്നാല്‍, സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെ കൂട്ടായ്മയുടെ ഫണ്ടും മറ്റ് കോര്‍പ്പറേറ്റ് ഫണ്ടുകളും സ്വരൂപിച്ച് ഭവനം നിര്‍മ്മിച്ച് കൊടുക്കുന്നു. അതായത് പണം കൊടുക്കുന്നതിനു പകരം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോലാണ് അവരെ ഏല്‍പ്പിക്കുക.
മാസങ്ങള്‍ക്ക് മുമ്പ് ഡെല്‍ഹിയില്‍ അരവിന്ദ് കെജരിവാള്‍ ആളിപ്പടര്‍ത്തിയ ദീപം പോലെയാണ് ഇന്ന് കിഴക്കമ്പലത്ത് ട്വന്റി 20 വെളിച്ചം പരത്തുന്നതെന്നു പറയാം. കിഴക്കമ്പലത്തില്‍ ട്വന്റി ട്വന്റി കുറിച്ച വിജയം കേരളത്തിലെ തന്നല്ല ഇന്ത്യയുടെ ചരിത്രത്തിലും ഒരു പുത്തനുണര്‍വായി അത് മാറിയിരിക്കുകയാണ്. എതിര്‍പ്പുകളും തടസങ്ങളും അതിജീവിച്ച് ട്വന്റി20 കിഴക്കമ്പലത്തിന്റെ ജനമനസുകളിലേക്ക് ആഴ്ന്നിറങ്ങിയത് ചില സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ്. കാത്തിരിക്കാം മാറ്റത്തിന്റെ നാളെയ്ക്കായി, പുതിയൊരു കേരളത്തിനായി.