പത്തു വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ ഉന്‍ഝ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആളില്ല

single-img
11 November 2015

BJP

പത്തു വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ ഗുജറാത്തിലെ ഉന്‍ഝ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മത്സരിക്കാന്‍ ആളില്ല. പട്ടേല്‍ വിഭാഗത്തിന് ആധിപത്യമുള്ള പ്രദേശമായ മെഹ്‌സാന ജില്ലയിലാണ് ഉന്‍ഝ. പട്ടേല്‍ സമരനായകന്‍ ഹാര്‍ദിക് പട്ടേല്‍ ജയിലിലായതാണ് പ്രദേശവാസികളെ ബിജെപിക്ക് എതിരാക്കിയത്. നിലവിലെ ഭരണസമിതിയിലെ സിറ്റിംഗ് മെമ്പര്‍മാര്‍ ആരും വീണ്ടും മത്സരിക്കാന്‍ തയാറല്ല. നവംബര്‍ 29ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനം ചൊവ്വാഴ്ചയായിരുന്നു.

ഉന്‍ഝയിലെ 36 സീറ്റുകളിലേക്ക് 155 പേരാണു പത്രിക നല്‍കിയിരിക്കുന്നത്. ഇതില്‍ ആറു പേര്‍ കോണ്‍ഗ്രസ് ചിഹ്‌നത്തില്‍ മത്സരിക്കുമ്പോള്‍ 149 പേര്‍ സ്വതന്ത്രരാണ്. ഉന്‍ഝ പരമ്പരാഗതമായി ബിജെപി കോട്ടയാണ്. ഗുജറാത്തില്‍ 1984ല്‍ ബിജെപിക്കു ലഭിച്ച രണ്ട് സീറ്റുകളിലൊന്ന് മെഹ്‌സാനയായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് പ്രധാനപ്പെട്ട മുനിസിപ്പാലിറ്റി കൂടിയാണ് ഇത്.

പട്ടേല്‍ സമരത്തെത്തുടര്‍ന്ന് ബിജെപിക്കു വോട്ട് ചോദിച്ച് ആരും വരേണ്ട എന്ന ബോര്‍ഡ് മിക്ക പട്ടേല്‍വീടുകളിലും പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. പട്ടേല്‍മാരുടെ കുലദൈവമായ ഉമിയ മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമാണു ഉന്‍ഝ. ബിജെപി ടിക്കറ്റില്‍ മത്സരിക്കില്ലെന്നു ഉമിയ മാതാ ക്ഷേത്രത്തിലെത്തി ആണയിടുകയാണ് ഇവിടത്ത പട്ടേല്‍മാര്‍.