മാണിക്ക് ഇനി അരനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
9 November 2015

VS-new-stance-will-help-the-party-Kodiyeri12മാണിക്ക് ഇനി അരനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. മന്ത്രി സ്ഥാനത്തില്‍ തുടര്‍ന്ന് കൊണ്ട് അദ്ദേഹത്തിനെതിരെ നടത്തുന്ന അന്വേഷണങ്ങള്‍ പ്രഹസനമാകുമെന്നും കോടിയേരി. ബാര്‍ കോഴ കേസില്‍ തെളിവുണ്ടെന്ന് വരെ ഹൈക്കോടതി ഒരുഘട്ടത്തില്‍ പറഞ്ഞു. കബില്‍ സിബലിന്റെയും എജിയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് തുടരന്വേഷണമാകാമെന്ന് കോടതി നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ പരാമര്‍ശം ഉമ്മന്‍ ചാണ്ടിക്ക് എതിരെ കൂടിയാണ്. കേസ് ചാര്‍ജ് ചെയ്ത അന്നു മുതല്‍ ഉമ്മന്‍ ചാണ്ടി പറയുന്നത് തെളിവില്ലെന്നാണ്. വിജിലന്‍സ് ഡയറക്ടറെ കൊണ്ട് റിപ്പോര്‍ട്ട് കൊടുപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

വിജിലന്‍സ് ഡയറക്ടര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് കോടതി കണ്ടെത്തി. ഡയറക്ടറെ കൊണ്ട് നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ എന്ത് അര്‍ഹതയാണുള്ളതെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ തുടരന്വേഷണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു കഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ വസ്തുതാ വിവര റിപ്പോര്‍ട്ടില്‍ പണം വാങ്ങിയെന്ന് പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

അഴിമതിക്കാരെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു.ഇന്ന് കേസ് നടത്താന്‍ എജി ഉണ്ടായിരിക്കെ സുപ്രീംകോടതിയില്‍നിന്ന് കപില്‍ സിബലിനെ കൊണ്ടു വന്നു. ലക്ഷകണക്കിന് രൂപ ഇതിന് ചെലവുണ്ട്. ഇത് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കരുത്. ഇതിന് നികുതി ദായകരുടെ പണം ഉപയോഗിക്കുന്നത് ശരിയാണോ എന്ന് കോടതി പോലും നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ മന്ത്രി മാണിയില്‍നിന്ന് ചെലവിനുള്ള പണം ഈടാക്കണം.

വാങ്ങി വെച്ച പണം മാണിയുടെ കൈയിലുണ്ടല്ലോ. അത് എവിടെയാ വെച്ചിരിക്കുന്നത് എന്നു വെച്ചാല്‍ അതെടുത്ത് ചെലവുകള്‍ വഹിക്കണമെന്നും കോടിയേരി പറഞ്ഞു.