ബാര്‍ കോഴക്കേസ് ഹൈക്കോടതി വിധി സര്‍ക്കാരിന് എതിര്; മാണി മന്ത്രിയായി തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയെന്നും കോടതി

single-img
9 November 2015

kerala-high-court

 

കൊച്ചി:ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറഞ്ഞു. ധനമന്ത്രി മാണിക്കെതിരേ കോടതി പരാമര്‍ശം. മാണി മന്ത്രിയായി തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും . പദവിയില്‍ തുടരുന്നത് മാണിയുടെ മനസാക്ഷിക്ക് വിടുന്നെന്നും ഹൈക്കോടതിപറഞ്ഞു.ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി വിധിയെ ഹൈക്കോടതി ശരിവെച്ച്. സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി.

കൂടാതെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിനെതിരെ വലിയ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച്ചപറ്റി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിലെ തെളിവുകള്‍ പരിശോധിച്ചില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍ വിജിലന്‍സ് ഡയറക്ടര്‍ പരിശോധിക്കാതെയാണ് കേസ് അവസാനിപ്പിക്കുയാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് എഴുതിയതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

സ്വന്തം അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ഡയറക്ടര്‍ അടിച്ചേല്‍പിച്ചു. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പകരം സ്വകാര്യ അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയത് ശരിയായ നടപടിയല്ലെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിനും വിന്‍സണ്‍ എം പോളിനും വലിയ തിരിച്ചടിയാണ് നിരീക്ഷണം. വിജിലന്‍സ് കോടതി നടപടിയില്‍ തെറ്റില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ട് വാങ്ങാനും പരിശോധിക്കാനും വിജിലന്‍സ് കോടതിക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് കമാല്‍പാഷയാണ് കേസില്‍ വിധി പറയുന്നത്.

അതേസമയം ധനമന്ത്രി കെഎം മാണിയുടെ രാജി മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെടണമെന്ന് വിഡി സതീശന്‍ എംഎല്‍എ. ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് വിഡി സതീശന്‍ പ്രസ്താവന്യുമായി രംഗത്ത് വന്നത്. നേതാക്കന്മാര്‍ ഈ തീരുമാനം എടുക്കുന്നില്ലെങ്കില്‍ അവരെ തിരുത്തുമെന്നും വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.

വിഡി സതീശന്‍ എംഎല്‍എക്ക് പിന്നാലെ മാണി രാജി ആവശ്യപ്പെട്ട് മന്ത്രി കെപി അനില്‍കുമാറും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി മാണി രാജി വെച്ച് നിയമ നടപടികള്‍ക്ക് വിധേയമാകണമെന്ന് മന്ത്രി കെപി അനില്‍കുമാര്‍. ജനാധിപത്യ രീതികള്‍ക്ക് മന്ത്രി മാണി സ്ഥാനത്ത് തുടരുന്നത് നല്ലതല്ലെന്നും മന്ത്രി  പ്രതികരിച്ചു.കോണ്‍ഗ്രസില്‍നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ പരസ്യമായി മാണിയുടെ രാജി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ബാര്‍ കോഴ കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെഎം മാണിയും രാജി ആവശ്യപ്പെട്ട് സിപിഐഎം.  കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സിപിഐഎം പറഞ്ഞു.
മാണിയുടെ രാജി ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംഎല്‍എയും. മന്ത്രി മാണി രാജിക്കത്ത് നല്‍കിയതിന് ശേഷമെ ഇനി മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കുക പോലും ചെയ്യാന്‍ പാടുള്ളുവെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

മാണി മന്ത്രി സ്ഥാനം മാത്രമല്ല എംഎല്‍എ സ്ഥാനം കൂടി രാജി വെക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. കോടതി പറഞ്ഞത് ഇറങ്ങെടോ പുറത്ത് എന്നാ. ഇനിയും മാണി എന്തിനാണ് അവിടെ ഇരിക്കുന്നതെന്ന് പിസി ജോര്‍ജ്. മന്ത്രി സ്ഥാനം മാത്രമല്ല എംഎല്‍എ സ്ഥാനം കൂടി രാജി വെയ്ക്കണം. പാലാ മണ്ഡലത്തില്‍ മനുഷ്യനെ കബളിപ്പിക്കാന്‍ വേണ്ടിയാണ് മധുരവിതരണം നടത്തിയത്. പാലാ നിയോജകമണ്ഡലത്തിലെ എല്ലാ വാര്‍ഡിലും മാണിയുടെ പാര്‍ട്ടിക്ക് വോട്ടു കുറഞ്ഞിട്ടുണ്ടെന്നും പിസി ജോര്‍ജ്.

ഹൈക്കോടതി പരാമര്‍ശം കണക്കിലെടുത്ത് കെഎം മാണി ഉടന്‍ രാജിവെയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.  ഉചിതമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് മറ്റ് സമാന സംഭവങ്ങള്‍ പരിഗണിക്കേണ്ടതായിട്ടുണ്ട്. അതിനാല്‍ രാജിയല്ലാതെ മറ്റു പോം വഴിയില്ല. ധാര്‍മ്മികമായ തീരുമനമെടുക്കണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഹൈേേക്കാടതി കോടതി നിരീക്ഷണം ഗൗരവതരമാണെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ . ഡയരക്ടര്‍ക്ക് ഇടെപെടാമെന്നാണ് കോടതി പറഞ്ഞത്. മാണിയുടെ രാജി സംബന്ധിച്ച മറ്റ് വിഷയങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മറ്റ് അഭിപ്രായങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.