നവംമ്പര്‍ 10ന് കര്‍ണാടക സര്‍ക്കാര്‍ ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നു; ബിജെപി-സംഘപരിവാര്‍ ഹിന്ദുത്വസംഘടനകള്‍ കരിദിനമായി ആഘോഷിക്കും

single-img
9 November 2015

Tipu Sultanകര്‍ണാടക; ടിപ്പുസുല്‍ത്താന്റെ ജന്മദിനമായ നവംമ്പര്‍ 10ന് ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുളള കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ ബിജെപിയും സംഘപരിവാര്‍ ഹിന്ദുത്വസംഘടനകളും രംഗത്ത്. ടിപ്പുവിന്റെ ജന്മദിനത്തില്‍ തലസ്ഥാനമായ ബംഗ്ളൂരുവിലും, എല്ലാ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലും നിര്‍ബന്ധമായും ടിപ്പു സുല്‍ത്താന്‍ ജയന്തി സംഘടിപ്പിക്കണം എന്നാണ് സര്‍ക്കാര്‍  ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കൂടാതെ മുഴുവന്‍ ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം ടിപ്പുസുല്‍ത്താന്‍ തന്റെ ഭരണകാലത്ത് കുടകിലെ അനേകം ഹൈന്ദവ ദേവാലയങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും മൂവായിരത്തിലധികം പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നും അയ്യായിരത്തിലധികം കുടക് നിവാസികളെ കൊന്നൊടുക്കിയെന്നുമാണ് ബിജെപി ഉള്‍പ്പെടെയുളള ഹിന്ദുത്വസംഘടനകളുടെ പ്രധാന ആരോപണം.

അതുകൊണ്ടു ഇതേ ദിവസം കുടകില്‍ സ്വയംപ്രേരിത ബന്ദ് നടത്തുവാനാണ് ബിജെപിയുടെ ആഹ്വാനം. കൂടാതെ ജില്ലാ ആസ്ഥാനങ്ങളിലെ പരിപാടികളില്‍ കരിങ്കൊടി പ്രദര്‍ശനം നടത്തുമെന്നും, ജില്ലയിലൊട്ടാകെ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്നും വിഎച്ച്പി, ബംജ്‌റംഗ്ദള്‍,ശ്രീരാമസേന,ഹിന്ദു ജാഗരണ വേദികെ എന്നീ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.