ചെന്നൈയിൽ ചുഴലിക്കാറ്റ് ഭീഷണി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രത നിർദ്ദേശം

single-img
9 November 2015

Cyclone_ചെന്നൈ: തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലും സമീപ മേഖലകളിലും കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. ചെന്നൈ, പോണ്ടിച്ചേരി, കാഞ്ചീപുരം, തിരുവള്ളുവർ തുടങ്ങിയ തീരമേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി. ഈ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.

ചെന്നൈയിൽ നിന്നും 320 കിലോമീറ്റർ തെക്ക്കിഴക്ക് മാറി കടലിൽ രൂപപെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി തിങ്കളാഴ്ച അർധരാത്രിയോടെ പോണ്ടിച്ചേരി തീരത്തേക്ക് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശുമെന്നാണ് കണക്കുകൂട്ടൽ. അടുത്ത 48 മണിക്കൂറിൽ തമിഴ്നാട്ടിലെ വടക്കൻ തീരമേഖലകളിൽ കനത്ത പേമാരിയ്ക്കും സാധ്യതയുണ്ട്.

കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി പോണ്ടിച്ചേരി കളക്ടർ ഡി മണികണ്ഠൻ അറിയിച്ചു. പോണ്ടിച്ചേരിയ്ക്കും കൂടല്ലൂറിനും ഇടയിലാവും ചുഴലിക്കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നത്. ജനങ്ങളെ സുരക്ഷിതമായി മാറ്റിപാർപ്പിക്കാനുള്ള സ്ഥലങ്ങളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കി കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

അടുത്ത രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ആന്ദ്രയുടെ തെക്കൻ പ്രദേശങ്ങൾ, തെക്കൻ കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്ത 48 മണിക്കൂറിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.