മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത സംഭവം; അനുപം ഖേര്‍ മാപ്പു പറഞ്ഞു

single-img
9 November 2015

anupam-kher-marchദില്ലി:  രാജ്യത്തെ കലാകാരന്മാരും എഴുത്തുകാരും പുരസ്‌കാരം തിരിച്ചുകൊടുക്കുന്നതിനെതിരെ നടന്ന മാര്‍ച്ചിനിടെ വനിത മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ബോളിവുഡ് താരം അനുപം ഖേര്‍ മാപ്പു പറഞ്ഞു. കഴിഞ്ഞദിവസം രാഷ്ട്രപതിഭവനിലേക്ക് അനുപം ഖേറിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍ഡിടിവി മാധ്യമപ്രവര്‍ത്ത ഭൈരവി സിങ്ങിനെ മാര്‍ച്ചിലുണ്ടായിരുന്നവര്‍ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.

സംഭവം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് അനുപം ഖേര്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയത്.  തന്നെ വേശ്യയെന്നു വിളിക്കുകയും തടഞ്ഞുനിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചെന്നും കാട്ടി ഭൈരവി ട്വിറ്ററില്‍ കുറിപ്പിട്ടതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് റാലിക്കിടയില്‍ ആര്‍ക്കെങ്കിലും വ്യക്തിപരമായി മോശം അനുഭവം ഉണ്ടായെങ്കില്‍ മാപ്പു പറയുന്നു എന്നായിരുന്നു അനുപം ഖേറിന്റെ പ്രസ്താവന.

അപമാനിച്ചവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ഭൈരവിയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാരിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ചലചിത്രപ്രവര്‍ത്തകരാണ് എഴുത്തുകാരുടെ നിലപാടിനെതിരെ മാര്‍ച്ചു നടത്തിയത്. പുരസ്‌കാരം തിരിച്ചു നല്‍കുന്നത് രാജ്യത്തിന് അപമാനകരമാണെന്നുകാട്ടി ഇവര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കുകയും ചെയ്തു. അനുപം ഖേറിനെ കൂടാതെ സംവിധായകന്‍ പ്രിയദര്‍ശന്‍, മധുര്‍ ഭണ്ഡാക്കര്‍, അശോക് പണ്ഡിറ്റ്,  അഭിജിത്ത് ഭട്ടാചാര്യ, എഴുത്തുകാരനായ മധു കിശ്വര്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.