ബീഹാര്‍ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തിന്റെ വന്‍വിജയമെന്ന് നിതീഷ്‌കുമാര്‍; മതങ്ങളെ തമ്മിലടിപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് ജയിക്കില്ലെന്ന് രാഹുല്‍ഗാന്ധി

single-img
8 November 2015

Nitish

ബീഹാറിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്നു നിതീഷ് കുമാര്‍. പിന്തുണയും അനുഗ്രഹവും നല്‍കിയ ജനങ്ങള്‍ക്കു നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിഭാഗീയതയ്ക്കുമേല്‍ ഐക്യം നേടിയവിജയമാണ് ബീഹാറിലേതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ഹിന്ദുക്കളേയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ചാല്‍ അതു ഭരണമാകില്ല. ധാര്‍ഷ്ട്യത്തിനുമേല്‍ വിനയം നേടിയ വിജയമാണിത്. വെറുപ്പിനുമേല്‍ സ്‌നേഹം നേടിയ വിജയമാണ്’- ബിഹാറിലെ മഹാസഖ്യത്തിന്റെ വിജയത്തെ പ്രകീര്‍ത്തിച്ച് രാഹുല്‍ പറഞ്ഞു.

ബിഹാറിലെ ജനങ്ങളുടെ വിധിയെ ഞങ്ങള്‍ മാനിക്കുന്നുവെന്നും ബിഹാറിനെ വികസനത്തിന്റെ പാതയിലൂടെ നയിക്കാന്‍ പുതിയ സര്‍ക്കാരിനു കഴിയട്ടെയെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ബിഹാറില്‍ വന്‍ വിജയം നേടിയ നിതീഷ് കുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിനന്ദിച്ചു. മോദിയും നിതീഷും തമ്മിലുള്ള തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ നിതീഷ് ജയിച്ചുവെന്നു ബിഹാര്‍ വിജയത്തെ ഉദ്ധരിച്ചു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ക്കു കൂടുതല്‍ ശക്തി നല്‍കുന്നതാണു ബിഹാറിലെ ജയമെന്നു മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ തോല്‍വിയാണെന്നു ശരത് യാദവ് അവകാശപ്പെട്ടു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം നേടിയതു ചരിത്ര വിജയമാണെന്ന് നിതീഷ് കുമാറിനെ അഭിനന്ദിച്ചു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വിറ്ററില്‍ എഴുതി.
ബിഹാറിലേതു നരേന്ദ്രമോദിയുടെ പരാജയമാണെന്നു എഎപി നേതാവ് അശുതോഷ് പറഞ്ഞു. എന്തുകൊണ്ടു ഇതു മോദിയുടെ തോല്‍വി ആകുന്നില്ല. എട്ടു മാസത്തിനിടെ ബിജെപി നേരിടുന്ന രണ്ടാമത്തെ തോല്‍വിയാണിതെന്നും അശുതോഷ് പറഞ്ഞു.

ജനാധിപത്യത്തിന്റെയും ബിഹാറി ജനതയുടെയും വിജയമെന്നു ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. ബിഹാറി-ബാഹറി തര്‍ക്കത്തിനു ബിഹാര്‍ ജനത തക്കതായ മറുപടി നല്‍കിയെന്നും ഇനി അതിനെക്കുറിച്ചു ചോദ്യങ്ങള്‍ ഉണ്്ടാവേണ്്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ അതു സോണിയ ഗാന്ധിയുടെ ഉത്തരവാദിത്വം ആകുന്നതു പോലെ ബിഹാറിലെ തോല്‍വി മോദിയുടെ തോല്‍വിയാണെന്നു ബിജെപി തിരിച്ചറിയണമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയത്തില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം മാറ്റം വരുത്തുമെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.