ഉന്നത ഉദ്യോഗസ്ഥരുടെ മക്കള്‍ക്കായി വിദ്യാഭ്യാസ സംവരണം നല്‍കുന്നത് ജാതിവിവേചനത്തിന് തുല്യമാണെന്ന് ഹൈക്കോടതി

single-img
7 November 2015

court

ദില്ലിയിലെ സംസ്‌കൃതി സ്‌കൂളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് സീറ്റ് സംവരണം അനുവദിക്കുന്നത് അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ണവിവേചനത്തിന് തുല്യമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രത്യേകവിഭാഗത്തില്‍ പെടുന്നവര്‍ക്കായി സീറ്റുകള്‍ നീക്കി വെയ്ക്കുന്നത് മറ്റു വിഭാഗത്തില്‍ പെടുന്നവരുടെ കുട്ടികളെ അവഗണിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.

സ്‌കൂളിന്റെ 60 ശതമാനം സീറ്റുകളാണ് ഉന്നത ഉദ്യോഗസ്ഥരുടെയും ബ്യൂറോക്രാറ്റുകളുടെയും മക്കള്‍ക്കായി നീക്കി വെച്ചിരിക്കുന്നത്. പൊതുജനത്തിന്റെ പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സഌകൂളില്‍ സര്‍ക്കാരുദ്യോഗസ്ഥരുടെ മക്കള്‍ക്കായാണ് സ്‌കൂളിലെ 60 ശതമാനം സീറ്റുകളും നീക്കിവെച്ചിരിക്കുന്നത്. മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഇവരുടെ മക്കളെ വേര്‍തിരിച്ച് കാണുന്നതാണ് ഈ നടപടിയെന്നും കോടതി പറഞ്ഞു.

എല്ലാ കുട്ടികള്‍ക്കും ഒരേ നിലവാരത്തില്‍ വളരാനും പഠിക്കാനുമുള്ള സാഹചര്യമാണ് സ്‌കൂളില്‍ നല്‍കേണ്ടതെന്നും രക്ഷിതാവിനെ നോക്കിയല്ല അഡ്മിഷന്‍ നല്‍കേണ്ടതെന്നും കോടതി സൂചിപ്പിച്ചു. എപ്പോള്‍ വേണമെങ്കിലും സ്ഥലം മാറാവുന്ന ജോലിയായതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് സംസ്‌കൃതി സ്‌കൂളിലെ സംവരണമെന്ന് സ്‌കൂളിന്റെ നടത്തിപ്പുകാരായ ഐഎഎസ് അസോസിയേഷന്‍ വാദിച്ചു. എന്നാല്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പത്ത് ശതമാനം സീറ്റുകള്‍ മാത്രമാണ് പൊതുവിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംസ്‌കൃതി സ്‌കൂളില്‍ അനുവദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരു കുട്ടിയുടെ പിതാവാണ് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.