ബെൻസിന്റെ സ്വയം നിയന്ത്രിത ഇലക്ട്രിക് കാർ; വിഷൻ ടോക്യോ

single-img
6 November 2015

benzവാഹനലോകത്ത് നിരവധി പുതിയ കണ്ടുപിടിത്തങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനമായ ഒന്നാണ് ഓട്ടോണോമസ് വാഹനങ്ങൾ. അതായത് ഡ്രൈവറുടെ സഹായമില്ലാതെ വാഹനം തന്നെ സ്വയം ഓടുന്ന സംവിധാനം. ലോകത്തെ എല്ലാം വാഹനഭീമനമാരും ഇപ്പോൾ ഇതിന്റെ പിറകെയാണ്. പല കമ്പനികളും ചില കൺസപ്റ്റുകളും അവതരിപ്പിച്ചുകഴിഞ്ഞു.
സ്വയം നിയന്ത്രിച്ച് ഓടാൻ കഴിയുന്ന ഇലക്ട്രിക്ക് കാറായ വിഷൻ ടോക്യോ മേഴ്സിഡീസ് ബെൻസ് അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം ജപ്പാനിൽ അവസാനിച്ച ടൊക്യോ മോട്ടോർഷോയിലാണ് സൂപ്പർലക്ഷ്വറി ഇലക്ട്രിക് കാറായ വിഷൻ ടോക്യോയെ ബെൻസ് പരിചയപ്പെടുത്തിയത്. ഇതിനുമുമ്പ് ഓട്ടോണോമസ് സംവിധാനമുള്ള കൺസപ്റ്റ് ട്രക്ക് ബെൻസ് അവതരിപ്പിച്ചിരുന്നു.

വിഷൻ ടോക്യോയ്ക്ക് ഒരു മിനി വാനിന്റെ വലിപ്പമുണ്ട്. തികച്ചും ഒരു ഫ്യൂച്ചറിസ്റ്റിക് രൂപഭംഗിയാണ് ബെൻസ് ഇതിന് നൽകിയിരിക്കുന്നത്. ഡ്രൈവർ വേണ്ടാത്ത രീതിയിലാണ് കാറിന്റെ നിയന്ത്രണ സംവിധാനം. മുകളിൽ 360 ഡിഗ്രിയിൽ തിരിയുന്ന സെന്‍സറും ചുറ്റുമുള്ള ക്യാമറകളുമാണ് വാഹനത്തെ നിയന്ത്രിക്കുക.
ചതുരാകൃതിയിലുള്ള കറുത്ത വിൻഡ്ഷീൾഡും എക്സ്റ്റീരിയർ പാനലിന് സമാനമായ മെറ്റാലിക് നിറത്തിലെ സൈഡ് വിൻഡോയും വാഹനത്തിന്റെ മാറ്റുകൂട്ടുന്നു. വായ തുറന്നിരിക്കിന്ന ഒരു ജീവിയോട് സാദ്രശ്യമുള്ള മുൻ ഗ്രില്ലും പിൻഗ്ലാസ്സും അതിനു ചുറ്റുമുള്ള ഇക്വലൈസർ സ്റ്റൈലിൽ പ്രകാശിക്കുന്ന എൽ.ഇ.ഡി. ലൈറ്റ് സംവിധാനവും ആഡംമ്പര ഭംഗി കൂട്ടുന്നു.

ഒരു വി.ഐ.പി ലോഞ്ചിന് സമാനമായ ഇന്റീരിയർ സീറ്റിംഗ് സംവിധാനമാണ് വിഷൻ ടോക്യോയുടെ ഉള്ളിൽ ഒരുക്കിയിരിക്കുന്നത്. ഡ്രൈവർ ഇല്ലാത്ത വാഹനമായി നിർമ്മിച്ചിരിക്കുന്നതിനാൽ ഡ്രൈവിംഗ് സീറ്റിനു വലിയ പ്രാധാന്യമില്ല. എന്നാൽ യാത്രക്കാർക്കുള്ള അർദ്ധ ചതുരാകൃതിയിലെ സീറ്റിംഗിന് നടുക്കായി 3 ഡി ഹോളോഗ്രാം രൂപഭംഗിയോടെ എന്റർടെയ്ൻമെന്റ് സിസ്റ്റവും മറ്റ് ആപ്ലിക്കേഷനുകളും ഒരുക്കിയിരിക്കുന്നു.

ബെൻസിന്റെ തന്നെ വിഖ്യാതമായ എഫ് സെൽ പ്ലഗ്ഗ് ഇൻ ഹൈബ്രിഡ് ഇൻഡക്ഷൻ ചാർജ്ജഡ് ബാറ്ററി സംവിധാനമാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഒരുതവണ ചാർജ് ചെയ്താൽ 600 മൈൽ(1000 കിലോമീറ്റർ) വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് വിഷൻ ടോക്യൊ.