എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക വികസനത്തിന് വന്‍ ഭീഷണിയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

single-img
6 November 2015

manmohan singhന്യൂഡല്‍ഹി: എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക വികസനത്തിന് വലിയ ഭീഷണിയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ രാജ്യം അതീവ ഉത്കണ്ഠയിലാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുനയത്തിന് അടിസ്ഥാനം ഒരിക്കലും മതമായിരിക്കരുത്. മതം സ്വകാര്യമായ ഒന്നാണ്. അതില്‍ ഭരണകൂടത്തിന് പോലും ഇടപെടാന്‍ അധികാരമില്ല. എല്ലാ പൗരന്മാരുടെയും മൗലികാവകാശങ്ങളെ സംരക്ഷിക്കുന്ന വിശ്വാസ സംഹിതയാണ് മതേതരത്വമെന്നും മന്‍മോഹന്‍ പറഞ്ഞു.

അടുത്തിടെ നടന്ന സംഭവങ്ങളില്‍ രാജ്യം അതീവ ഉത്കണ്ഠയിലാണ്. ജനങ്ങളുടെ ചിന്തിക്കാനും വിശ്വാസിക്കാനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ലംഘിച്ചുകൊണ്ട് ചില തീവ്രവാദ സംഘടനകള്‍ നടത്തിയ അക്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ചിന്തകന്മാരുടെ കൊലപാതകം ഒരുതരത്തിലും ന്യായീകരിക്കാനാവുന്നതല്ല. എതിര്‍ക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്താനും അനുവദിച്ചുകൂടെന്നും  അദ്ദേഹം പറഞ്ഞു. ശരിയായി ചിന്തിക്കുന്ന ജനങ്ങളെല്ലാം ഇത്തരം സംഭവങ്ങള്‍ രാജ്യത്തിനെതിരായ അതിക്രമമെന്ന നിലയില്‍ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അസഹിഷ്ണുതയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നാല്‍പതോളം എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും ചരിത്രകാരന്മാരും തങ്ങള്‍ക്ക് ലഭിച്ച പുരസ്‌ക്കാരങ്ങള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചിരുന്നു.  കൂടാതെ രാജ്യത്ത് വളരുന്ന അസഹിഷ്ണുത ഭീതിയുളവാക്കുന്നതാണെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ആക്ഷേപകരമായ പരാമര്‍ശവുമായി ബിജെപി എംപിമാരും നേതാക്കളും രംഗത്തെത്തിയിരുന്നു.