അൽഖ്വയ്ദയെ സഹായിച്ചു; ഇന്ത്യൻ സഹോദരങ്ങൾ കുറ്റക്കാരെന്ന് യു.എസ് കോടതി

single-img
6 November 2015

gavel judge courtവാഷിങ്ടൺ: ഭീകര സംഘടനയായ അൽഖ്വയ്ദയെ സഹായിച്ച നാല് ഇന്ത്യക്കാർ കുറ്റക്കാരെന്ന് യു.എസ് ഫെഡറൽ കോടതി. 2005-2010 കാലയളവിൽ അൽഖ്വയ്ദ നേതാവ് അൻവർ അൽ അവ് ലാക്കിക്ക് പണവും മറ്റ് ഉപകരണങ്ങളും നൽകി സഹായിച്ചുവെന്ന കേസിലാണ് നടപടി. സഹോദരങ്ങളായ യഹ്യ ഫാറൂഖ് മുഹമ്മദ്, ഇബ്രാഹിം സുബൈർ മുഹമ്മദ്, ആസിഫ് അഹമ്മദ് സലീം, സുൽത്താൻ റൂം സലിം എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്.

2008-2009 കാലയളവിൽ പലതവണ സാമ്പത്തിക കൈമാറ്റങ്ങൾ നടത്തിയ ഫാറൂഖ് പശ്ചിമേഷ്യയിൽ നടത്തിയ യാത്രക്കിടെ അൽഖ്വയ്ദക്കായി പണ സ്വരൂപണത്തിന് നിരവധി പേരുമായി ചർച്ച നടത്തുകയും ചെയ്തെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. കൂടാതെ മറ്റ് രണ്ടുപേർക്കൊപ്പം യെമനിലെത്തി അൻവർ അൽ അവ് ലാക്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

2002 മുതൽ 2004വരെ ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ഫാറൂഖ്, 2008ൽ അമേരിക്കൻ യുവതിയെ വിവാഹം കഴിച്ചു. ഫാറൂഖിന്‍റെ സഹോദരൻ ഇബ്രാഹിം 2001 മുതൽ 2005 വരെ ഇല്ലിനോയിസ് യൂനിവേഴ്സിറ്റിയിൽ എൻജിനീ‍യറിങ് പഠനം പൂർത്തിയാക്കിയിരുന്നു.

തുടർന്ന് 2006ൽ ഒഹിയോയിലേക്ക് പോയ ഇദ്ദേഹം അമേരിക്കൻ യുവതിയെ വിവാഹം ചെയ്തു. 2002 മുതൽ 2005വരെ ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്നു ആസിഫ് സലിം. 2007ൽ ഇയാൾ ഓവർലാൻഡ് പാർക്കിൽ താമസിച്ചു വരികയായിരുന്നു. ഇയാളുടെ സഹോദരൻ സുൽത്താൻ സലിം കൊളംബസ് ഏരിയയിൽ താമസിച്ചു വരികയായിരുന്നു.