ഛോട്ടാരാജനെ ഇന്ത്യയിലെത്തിച്ചു

single-img
6 November 2015

chota rajanന്യൂഡൽഹി: ഇൻഡൊനേഷ്യയിൽ അറസ്റ്റിലായ കുപ്രസിദ്ധ അധോലോക ഭീകരൻ ഛോട്ടാ രാജനെ ചോദ്യംചെയ്യലിനായി ഇന്ത്യയിലെത്തിച്ചു. ഇൻഡൊനേഷ്യയിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ സി.ബി.ഐ. ഉദ്യോഗസ്ഥരും മുംബൈ പോലീസും അടങ്ങുന്ന സംഘം വെള്ളിയാഴ്ച പുലർച്ചെയാണ് ഛോട്ടയെ ദില്ലിയിൽ എത്തിച്ചത്. കനത്ത സുരക്ഷയിൽ 55 കാരനായ ഛോട്ടയെ ഉടൻതന്നെ അജ്ഞാതകേന്ദ്രത്തിലേയ്ക്ക് മാറ്റി.

ഛോട്ടാ രാജനെ ചൊവ്വാഴ്ച തന്നെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അഗ്‌നിപർവത സ്‌ഫോടനം മൂലം ബാലിയിലെ എൻഗുര റായി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

ഇന്റർപോളിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ലിസ്റ്റിലെ മുൻനിരക്കാരനായ ഛോട്ടാ രാജൻ 27 വർഷത്തിനുശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലായി കൊലപാതകം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങി എഴുപത്തിയഞ്ചിലേറെ കേസുകളാണ് ഛോട്ടയുടെ പേരിലുള്ളത്.

ഛോട്ടാ രാജനെ ഇക്കഴിഞ്ഞ ഒക്‌ടോബർ 25നാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള യാത്രയ്ക്കിടെ ഇൻഡൊനീഷ്യയിലെ ബാലിയിൽ വെച്ച് പിടിയിലായത്. പിടിയിലാവുമ്പോൾ മോഹൻകുമാർ എന്ന പേരിലുള്ള പാസ്‌പോർട്ടാണ് ഛോട്ടാ രാജൻ എന്ന രാജേന്ദ്ര സദാശിവ് നികല്‍ജെ കൈവശം വച്ചിരുന്നത്. ഓസ്‌ട്രേലിയൻ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർപോൾ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു അറസ്റ്റ്. വ്യാഴാഴ്ചയാണ് രാജനെ സി.ബി.ഐ.യ്ക്ക് കൈമാറിയത്.

അതേസമയം ദാവൂദ് ഇബ്രാഹിമിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് ഛോട്ടാ രാജൻ കീഴടങ്ങുകയായിരുന്നുവെന്ന അഭ്യൂഹം നിലനിന്നിരുന്നു. ദാവൂദിന്റെയും സംഘത്തിന്റെയും നീക്കങ്ങളെ കുറിച്ച് ഇന്ത്യയ്ക്ക് വിലപ്പെട്ട പല വിവരങ്ങളും നൽകിയിരുന്നത് ഛോട്ട ആയിരുന്നുവെന്നാണ് വിവരം.