മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് അട്ടിമറി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു

single-img
5 November 2015

voting-machineമലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് അട്ടിമറിയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സംശയം.   കമ്മീഷന്‍   ജില്ലാ കലക്ടറോടും എസ്.പിയോടും വിശദീകരണം തേടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലും ഏതാനും സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളി തകരാര്‍ കണ്ടെത്തിയിരുന്നു.

വോട്ടിങ് മെഷീനില്‍ സെല്ലോ ടേപ്പും പേപ്പറുകളും തിരുകിയതായും പശ ഒഴിച്ചതായും കണ്ടെത്തി. വോട്ടിങ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായാണ് ഇലക്ഷന്‍ കമ്മിഷന്റെ സംശയം. ലീഗ് ശക്തി കേന്ദ്രങ്ങളിലാണ് വോട്ടിങ് മെഷീന്‍ തകരാറിലായത്.

ജില്ലയിലെ പല പഞ്ചായത്തുകളിലായി നൂറിലേറെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ കേടായത്.  യഥാര്‍ഥ പോളിങ്ങിന് അര മണിക്കൂര്‍ മുന്‍പ് നടന്ന മോക്ക് പോളിങ്ങില്‍ ഇത്തരത്തില്‍ ഒരു പരാതിയും ഉയര്‍ന്നിരുന്നില്ല. ഈ ബൂത്തുകളിലൊന്നും കാലത്ത് ഒന്‍പത് മണി വരെ വോട്ടെടുപ്പ് ആരംഭിക്കാനിയിട്ടില്ല.

കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മില്‍ സൗഹൃദ മത്സരം നടക്കുന്ന വാര്‍ഡുകളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ കേടായത് എന്നതാണ് ശ്രദ്ധേയം. വോട്ടിങ് യന്ത്രങ്ങളുടെ തകരാറിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളുടെ തകരാറിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.