ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോയ കോളേജ് അധ്യാപികയ്ക്കെതിരെ പ്രിൻസിപ്പലിന്റെ നോട്ടീസ്

single-img
4 November 2015

GVC_Palakkadപാലക്കാട്: പാലക്കാട് വിക്ടോറിയ കോളജിലെ ബോട്ടണി വിഭാഗം അധ്യാപികയായ ഡോ. കെ ആർ ലീനയ്ക്ക് കോളജ് പ്രിൻസിപ്പലിന്റെ കാരണം കാണിക്കൽ നോട്ടീസ്. പ്രിൻസിപ്പലിനോടോ ബോട്ടണി വിഭാഗം തലവനോടോ ലീവിന് അനുവാദം വാങ്ങാതെ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോയിയെന്ന പേരിലാണ് അധ്യാപികയ്ക്കെതിരെ നടപടി. ജില്ല ഇലക്ഷൻ ഓഫീസർ കൂടിയായ പാലക്കാട് ജില്ല കളക്ടർക്ക് പ്രിൻസിപ്പലിനെതിരെ അധ്യാപിക പരാതി നൽകി.

ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് നിയമിച്ചിട്ടുള്ള അധ്യാപകരുടെ ലിസ്റ്റ് ഇലക്ഷൻ കമ്മീഷണർ കോളേജ് പ്രിൻസിപ്പലിനാണ് ആദ്യം എത്തിക്കുക. പ്രിൻസിപ്പൽ പരിശോധിച്ചതിന് ശേഷം ഡ്യൂട്ടിയുള്ള അധ്യാപകർക്ക് നേരിട്ട് ഓർഡർ കൈമാറുകയാണ് പതിവ്. ഈ സാഹചര്യത്തിൽ ലീന ടീച്ചർ ഇലക്ഷൻ ഡ്യൂട്ടിയിലാണെന്ന അറിവോടുകൂടിയാണ് പ്രിൻസിപ്പൽ ടിഎൻ സരസു നോട്ടീസ് അയച്ചിരിക്കുന്നത്. കൂടാതെ ഡ്യൂട്ടിയ്ക്ക് പോയ അധ്യാപകരുടെ പേരു രേഖപ്പെടുത്തി ലീവ് അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാൽ തന്റെ ലീവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ലീന ടീച്ചർ പറയുന്നു.

പരാതിയുമായി ഡോ. കെ ആർ ലീന പാലക്കാട് ജില്ല കളക്ടർ പി.മേരിക്കുട്ടിയെ സമീപിച്ചിരുന്നു. ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് നിയമിച്ചിട്ടുള്ള അധ്യാപകർ പ്രിൻസിപ്പലിന്റെ അറുവോടുകൂടിയാണ് പോകുന്നത്. അതിനാൽ ഇത് സംബന്ധിച്ച് പ്രത്യേകം അനുമതി തേടേണ്ട ആവശ്യമില്ല, കളക്ടർ പറഞ്ഞു.

പ്രിൻസിപ്പലിനെതിരെ ഇതുവരെ നടപടിയൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. ഇരുവരേയും ചർച്ചയ്ക്കായി കളക്ടർ വിളിച്ചിരിക്കുകയാണ്.