ആര്‍എസ്എസ് നിക്കര്‍ മാറ്റുന്നു

single-img
4 November 2015

RSSദില്ലി: യുവാക്കളെ ആകര്‍ഷിക്കുന്നതിനായി  ആര്‍എസ്എസ് നിക്കര്‍ മാറ്റാന്‍ ആലോചിക്കുന്നു. ഇപ്പോഴത്തെ പാരമ്പരാഗത ഡ്രസ് കോഡായ കാക്കി നിക്കറിന് പകരം പാന്റ്‌സ് ആക്കാനാണ് നീക്കം. ഇപ്പോഴത്തെ കാക്കി നിക്കര്‍ സംഘടനയില്‍ ചേരുന്നതിന് യുവാക്കളെ പിന്തിരിപ്പിക്കുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കാലോചിതമായുളള മാറ്റങ്ങള്‍ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ യൂണിഫോം മാറ്റം. വെള്ള ടി ഷര്‍ട്ടും കറുത്ത പാന്റും ഇപ്പോള്‍ ഉപോയോഗിക്കുന്ന തൊപ്പിയും വെള്ള കാന്‍വാസ് ഷൂവും കാക്കി സോക്‌സുമാണ് ആദ്യ പരിഗണനയില്‍ ഉളളത്.  വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റുമാണ് അടുത്തത്.

കാക്കിയോ നീലയോ ചാര നിറമോ കലര്‍ന്ന പാന്റ്‌സോ അടങ്ങിയ ഡ്രസ് കോഡായിരിക്കും രണ്ടാമത്തായി പരിഗണനയില്‍ ഉളളത്.  കറുത്ത ലെതര്‍ ഷൂ, കാക്കി സോക്‌സ്, കാന്‍വാസ് ബെല്‍റ്റ് കറുത്ത തൊപ്പി തുടങ്ങിയ ഇതോടോപ്പം പരിഗണിച്ചേക്കും. യുവാക്കളെ സംഘടനയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുളള പദ്ധതികളും ആര്‍എസ്എസ് നേത്യത്വം വിഭാവന ചെയ്യുന്നുണ്ട്. യൂണിഫോമില്‍ കൂടുതല്‍ മാറ്റത്തെ കുറിച്ച് അടുത്ത മാര്‍ച്ചില്‍ നാഗ്പൂരില്‍ ചേരുന്ന ഉന്നത തല സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭ ചര്‍ച്ചചെയ്യും.

ആര്‍എസ്എസ് നേതാക്കളായ മോഹന്‍ ഭാഗവതും  ഭയ്യാജി ജോഷിയും യൂണിഫോം മാറണമെന്ന പക്ഷക്കാരാണ്. കാലോചിതമായി ഡ്രസ്‌കോഡ് പരിഷ്‌ക്കരിക്കണമെന്ന ആശയമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ യൂണിഫോം മാറേണ്ട കാര്യമില്ലെന്ന് ചിന്തിക്കുന്ന മുതിര്‍ന്ന പ്രവര്‍ത്തകരുടെ എതിര്‍പ്പും പാര്‍ട്ടിക്ക് മറികടക്കേണ്ടി വരും.

രാജ്യത്തെങ്ങും 5000 ശാഖകളാണ് ആര്‍എസ്എസിന് ഉളളത്. ഓരോ ശാഖയിലും 10 ഓളം സ്വയം പ്രവര്‍ത്തകരും. അഞ്ച് ലക്ഷത്തോളം യൂണിഫോമുകളായിരിക്കും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കായി ഒരുങ്ങുക.  മഹാരാഷ്ട്രയില്‍ നിന്നുളള പ്രവര്‍ത്തകര്‍ യൂണിഫോം മാറ്റത്തെ ശക്തമായി എതിര്‍ക്കുന്നതായാണ് സൂചനകള്‍.