ബ്രിട്ടീഷുകാര്‍ക്കെതിരേ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പൊരുതിയ കുടുംബത്തിലെ ആള്‍ എങ്ങിനെ പാകിസ്‌താനിയാകും; ഈ പറയുന്നവരുടെ കുടുംബത്തില്‍ നിന്നും എത്രപേര്‍ രാജ്യത്തിന്‌ വേണ്ടി പോരാടിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ്‌

single-img
4 November 2015

shahrukh khanന്യൂഡല്‍ഹി: ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാന്‍ പാകിസ്‌താനിലേക്ക്‌ പോകണമെന്ന ബിജെപി നേതാക്കളുടെ പ്രസ്‌താവനയ്‌ക്കെതിരേ കോണ്‍ഗ്രസ്‌ രംഗത്ത്‌. ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പൊരുതിയ കുടുംബം ആള്‍ എങ്ങിനെ പാകിസ്‌താനിയായി മാറും.  ഷാരൂഖ്‌ വരുന്നത്‌ സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബത്തില്‍ നിന്നാണെന്നും അദ്ദേഹം പാകിസ്‌താനിലേക്ക്‌ പോകണമെന്ന്‌ പറയുന്നവരുടെ കുടുംബത്തില്‍ നിന്നും എത്രപേര്‍ രാജ്യത്തിന്‌ വേണ്ടി പോരാടിയിട്ടുണ്ടെന്നും കോണ്‍ഗ്രസ്‌ വക്താവ് ചോദിച്ചു.

ഇത്തരത്തിലുള്ള ഹിതകരമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തി ബിജെപി സ്വയം അവമതിക്കപ്പെടുകയാണ്. മത അസഹിഷ്‌ണുതയ്‌ക്കെതിരേ രാജ്യത്ത്‌ പ്രതിഷേധം ഉയര്‍ത്തുന്നവരെല്ലാം പാകിസ്‌താനികളാണോ? ഷാരൂഖ്‌ മാത്രമല്ല ഇക്കാര്യം പറഞ്ഞത്‌. രാജ്യത്ത്‌ ഉടനീളം ഉള്ള അനേകര്‍ ഈ അഭിപ്രായം പറഞ്ഞവരാണ്‌.

ഇന്ത്യയുടെ രാഷ്‌ട്രപതി പാകിസ്‌താന്‍കാരനാണോ? ആര്‍ബിഐ ഗവര്‍ണര്‍ പാകിസ്‌താനിയാണോ? പ്രതിഷേധിച്ച എല്ലാവരും പാകിസ്‌താന്‍കാരാണോ? ഷാരൂഖ്‌ ഇസ്‌ളാമിയായതിന്റെ പേരില്‍ അദ്ദേഹത്തെ പാകിസ്‌താനിയായി മുദ്രകുത്തുന്നത്‌ അപലപനീയമാണെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ റഷീദ്‌ ആല്‍വി.

ഷാരൂഖിന്റെ താമസം ഇന്ത്യയിലും ഹൃദയം പാകിസ്‌താനിലുമാണെന്ന്‌ ബിജെപി നേതാവ്‌ കൈലാഷ്‌ വിജയ്‌വാര്‍ഗിയയും സാധ്വിപ്രാച്ചിയും കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവന വലിയ വിവാദമായിരുന്നു. തുടര്‍ന്ന് വിവാദ പ്രസ്‌താവന വിജയ്‌വാര്‍ഗി പിന്‍വലിച്ചിരുന്നു.