നൂറ്റാണ്ടുകളായി ഹിന്ദു സമുദായത്തില്പ്പെട്ട യോദ്ധാവിനെ അനുസ്മരിക്കുന്ന മുസ്ലിം പള്ളി; സമുദായിക ഐക്യത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ച

single-img
4 November 2015

valiyangadiമലപ്പുറം: നൂറ്റാണ്ടുകളായി ഹിന്ദു സമുദായത്തില്പ്പെട്ട യോദ്ധാവിനെ അനുസ്മരിക്കുന്ന മുസ്ലിം പള്ളി. കലുശിതമായ ഇന്നത്തെ രാഷ്ട്രീയ സാമുദായിക അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളില്‍ ഒന്നാണ്. വര്‍ഷങ്ങളായി  ഈ അനുസ്മരണം നടക്കുന്നത്  മലപ്പുറം ജില്ലയിലെ വലിയങ്ങാടി ജുമാമസ്ജിദിലാണ്. അന്നു രാജ്യത്തിന് വേണ്ടി പോരാടി മരിച്ച ഹിന്ദുമത വിശ്വാസിയായ കുഞ്ഞേലയെയാണ് ഇപ്പോഴും പള്ളിയില്‍ ആദരിക്കുന്നത്. ഏകദേശം 290 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് സാമൂതിരിയുടെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തട്ടാന്‍ സമുദായാംഗമായ കുഞ്ഞേല വീരമൃത്യു അടഞ്ഞത്.

അന്ന് യുദ്ധത്തില്‍ രക്തസാക്ഷികളായ  43 മുസ്ലീം പടയാളികള്‍ക്കൊപ്പമാണ് കുഞ്ഞേലയുടെ മൃതദേഹവും വലിയങ്ങാടി പള്ളിയില്‍ അടക്കം ചെയ്തിരിക്കുന്നത്. സാമൂതിരി രാജാവ് ഏര്‍പ്പെടുത്തിയ നികുതിക്കെതിരെയാണ് കുഞ്ഞേല അടക്കമുള്ളവര്‍ പോരാടിയത്. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ സാമൂതിരിയുടെ മന്ത്രി വാരയ്ക്കല്‍പാറ നമ്പിയുടെ നേതൃത്വത്തില്‍ വലിയങ്ങാടി മുസ്ലിം പള്ളി കത്തിക്കുകയും  തുടര്‍ന്ന് മുസ്ലീങ്ങള്‍ പ്രദേശത്ത് നിന്ന് ഒളിച്ചോടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.

പിന്നീട് യുദ്ധം കഴിഞ്ഞ് സമാധാനാന്തരീക്ഷം കൈവരുകയും തകര്‍ത്ത പള്ളി നമ്പി തന്നെ പുനര്‍നിര്‍മ്മിക്കുകയും സാമൂതിരിയെ ഭയന്ന് ഒളിച്ചോടിയ മുസ്ലീങ്ങളെ തിരികെ കൊണ്ടുവരികയും ചെയ്തു.   ഇപ്പോഴും അറബി കലണ്ടര്‍ പ്രകാരം, ഷബാന്‍ മാസത്തിലെ രക്തസാക്ഷികള്‍ക്കായുള്ള ആണ്ട് നേര്‍ച്ച സമയത്ത് കുഞ്ഞേലയുടെ ബന്ധുക്കളെ പള്ളിയിലേക്ക് ക്ഷണിക്കാറുണ്ട്.