ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവുനായ്ക്കളെ പിടികൂടാമെന്ന് ഹൈക്കോടതി

single-img
4 November 2015

kerala-high-courtകൊച്ചി: ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവുനായ്ക്കളെ പിടികൂടാമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചിരുക്കുന്നത്. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.എം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്ല്യം അവസാനിപ്പിക്കാന്‍ സര്‍ക്കാരും മൃഗസംരക്ഷണവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. ഇതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. ഇതിന് നിയമാനുസൃതമായ നടപടികളാണ് അവര്‍ കൈക്കൊള്ളേണ്ടത്.

നായ്ക്കളെ പിടികൂടാനും അവയെ പരിപാലിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. നായ്ക്കളെ കൊണ്ടുപോകാന്‍ വാഹനങ്ങള്‍ ഉണ്ടാവണം. ഇവയെ പരിപാലിക്കാന്‍ എല്ലാ താലൂക്കുകളിലും ആശുപത്രികളും ഉണ്ടാവണമെന്ന് ഉത്തരവില്‍ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

നായ്ക്കളെ പിടികൂടുമ്പോള്‍ മൃഗസംരക്ഷണ വകുപ്പില്‍ നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങളും നിബന്ധനകളും സര്‍ക്കാരും ഈ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണം.നായ്ക്കളുടെ പ്രജനനം സംബന്ധിച്ച നിയമത്തിലെ ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള വകുപ്പുകളും മൃഗങ്ങളോടുള്ള ക്രൂരത സംബന്ധിച്ച നിയമത്തിലെ ഒന്‍പത് മുതല്‍ പത്ത് വരെയുള്ള വകുപ്പുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പറഞ്ഞു.