ഷാരൂഖ്‌ ഖാനെതിരെ കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്‌; ഷാരൂഖ്‌ ഖാന്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങളാണ്‌ ചെയ്യുന്നതെന്ന് ബി.ജെ.പി നേതാവ്‌ കൈലാഷ്‌ വിജയ്‌ ബാര്‍ഗിയ

single-img
4 November 2015

shahrukh_khanബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാനെതിരെ കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്‌. സാധ്വി പ്രാച്ചിക്ക് പിന്നാലെ ഷാരൂഖിനെ ദേശദ്രോഹിയെന്ന്‌ വിളിച്ച്‌ ബി.ജെ.പി നേതാവ്‌ കൈലാഷ്‌ വിജയ്‌ ബാര്‍ഗിയ രംഗത്ത്‌ വന്നിരിക്കുന്നത്‌. ഇന്ത്യയില്‍ താമസിക്കുന്നെങ്കിലും ഷാരൂഖിന്റെ മനസ്സ്‌ പാകിസ്‌താനിലാണെന്നും കൈലാഷ്‌ പറഞ്ഞു.

ഷാരൂഖ്‌ ദേശദ്രോഹ പ്രവര്‍ത്തനങ്ങളാണ്‌ ചെയ്യുന്നത്‌. ഇന്ത്യയില്‍ ഷാരൂഖ്‌ ഖാന്റെ സിനിമകള്‍ കോടികള്‍ വാരുമ്പോഴും ഇന്ത്യയെ അസഹിഷ്‌ണുതയുള്ള രാജ്യം എന്ന്‌ വിളിക്കാനാണ്‌ അദ്ദേഹത്തിന്‌ താല്‍പ്പര്യം. യുഎന്നില്‍ സ്‌ഥിരാംഗത്വം നേടാനുള്ള ശ്രമത്തെ പാകിസ്‌താനിലുള്ള എല്ലാവരും തുരങ്കം വെയ്‌ക്കാന്‍ ഗൂഡാലോചന നടത്തുകയാണ്‌. ഇത്തരം ഗൂഡാലോചനയുടെ ഭാഗമാണ്‌ അസഹിഷ്‌ണുത സൃഷ്‌ടിക്കുന്ന രാജ്യമെന്ന ഷാരൂഖിന്റെ പ്രചരണവും. ഇതിലൂടെ പാകിസ്‌താന്റെയും മറ്റ്‌ ഇന്ത്യാ വിരുദ്ധ ശക്‌തികളുടേയും ഗൂഡാലോചനയില്‍ ഒപ്പുവെച്ചിരിക്കുകയാണ്‌.

1993 ല്‍ മുംബൈ ഭീകരാക്രമണത്തില്‍ നൂറുകണക്കിന്‌ പേര്‍ ചത്തൊടുങ്ങുമ്പോള്‍ ഷാരൂഖ്‌ എവിടായിരുന്നു. ഇന്ത്യയുടെ നേതൃത്വത്തെ കുറിച്ച്‌ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഷാരൂഖിനെ പോലെയുള്ളവരുടെ പ്രസ്‌താവനകള്‍ ആഗോളമായി ഇന്ത്യയെ അശക്‌തരാക്കുമെന്നും ബിജെപി നേതാവ്‌ കുറ്റപ്പെടുത്തി. മത അസഹിഷ്‌ണുതയാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന്‌ ഷാരൂഖ്‌ പറഞ്ഞതിനെ തുടര്‍ന്നാണ്‌ ബിജെപി നേതാക്കള്‍ രംഗത്ത്‌ വന്നത്‌.