കുടുതൽ സ്റ്റൈലിഷായി എക്സ്ട്രീം സ്പോർട്ട്സ്

single-img
4 November 2015

bike1999ലാണ് സി.ബി.ഇസഡ് എന്ന സൗന്ദര്യമുള്ള കരുത്തനെ പുറത്തിറക്കുന്നത്. അന്ന് ഹീറൊയുടെ അറ്റത്ത് ഹോണ്ടയെന്നൊരു വാലും ഉണ്ടായിരുന്നു. അതുവരെ ബൈക്കുകളിൽ കണ്ടിട്ടില്ലാത്ത പരുക്കൻ രൂപഭാവങ്ങളോടെ വന്ന സി.ബി.ഇസഡ് അക്ഷരാർത്ഥത്തിൽ യുവാക്കളുടെ മനസ്സിനെ കീഴടക്കുകയായിരുന്നു. പിന്നീട് കലത്തിനനുസരിച്ച് മാറ്റങ്ങൾ നല്കി സി.ബി. ഇസഡ് എക്സ്ട്രീമിനെ അവതരിപ്പിച്ചു.

ഹോണ്ടയുമായി പിരിഞ്ഞതിന് ശേഷം സി.ബി.ഇസഡ് ഒഴിവാക്കി എക്സ്ട്രീം എന്ന് മാത്രമാക്കി ഹീറൊ ഒന്നുകൂടി വാഹനത്തെ പരിക്ഷ്കരിച്ചിരുന്നു. ഇപ്പോഴിതാ തകർപ്പൻ സ്റ്റൈൽ ലുക്കിൽ എക്സ്ട്രീം സ്പോർട്സ് വന്നിരിക്കുന്നു.

കൂർത്ത രൂപമാണ് പുതിയ എക്സ്ട്രീമിന് കൊടുത്തിരിക്കുന്നത്. മെലിഞ്ഞിരിക്കുന്ന ഒരു മസിൽ മാൻ എന്ന് ഒറ്റനോട്ടത്തിൽ പറയാം. എന്നാൽ എഞ്ചിനിലും സാങ്കേതികതയിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുൻ മോഡലിൽ അവതരിപ്പിച്ച അതേ 149.2 സി.സി, എയർകൂൾഡ്, 4 സ്ട്രോക്ക് എഞ്ചിൻ തന്നെയാണ്  എക്സ്ട്രീം സ്പോർട്സിലും. ഇത് 15.6 ബി.എച്ച്.പി കരുത്ത് ഉൽപ്പാദിപ്പിക്കും.

മുൻ എക്സ്ട്രീമിൽ നിന്ന് വ്യത്യസ്ഥമായി എക്സ്ട്രീം സ്പോർട്സിൽ ലൈറ്റ് ക്ളച്ചും സ്മൂത്തായ ഗിയർബോക്സും നൽകിയിരിക്കുന്നു. ഫ്യൂവൽ ടാങ്കിലും എഞ്ചിനടിയിലും പ്രത്യേക മൂടികളും നൽകിയിട്ടുണ്ട്. ഇതിനുപുറമെ പുതിയ ഹെഡ് ലൈറ്റ്, ഇന്‍സ്ട്രുമെന്‍റ് ക്ളസ്ച്ചർ, വലിയ ട്യൂബ് ലെസ് ടയറുകൾ, പുത്തൻ ഹാൻഡിൽ ബാർ, കൂടുതൽ കളർ ഓപ്ഷനുകൾ എന്നിവയും എക്സ്ട്രീം സ്പോർട്സിൽ ഹീറൊ  ഒരുക്കിയിരിക്കുന്നു.

സുസുക്കി ജിക്സ്സർ, യമഹാ എഫ്.സി, ഹോണ്ട സി.ബി യൂണികോൺ 160, ടി.വി.എസ്. അപ്പാഷെ തുടങ്ങിയവയോടാണ് ഹീറൊ എക്സ്ട്രീം സ്പോർട്ട്സ് പ്രധാനമായും ഏറ്റ് മുട്ടുന്നത്.