അച്ചടക്കത്തിന്റെ വാളോങ്ങി സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാകില്ലെന്ന് വി.എസ്.അച്യുതാനന്ദൻ

single-img
3 November 2015

V-S-Achuthanandan-636-4872തിരുവനന്തപുരം: അച്ചടക്കത്തിന്റെ വാളോങ്ങി സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ .   ഡി.ജി.പി ജേക്കബ് തോമസിന് പിന്തുണയുമായാണ് വി.എസ് രംഗത്ത് എത്തിയത്. ദുർഭരണത്തിനെതിരെ പ്രതികരിക്കുന്നത് ഗവൺമെന്റ് നയത്തിനെതിരെയുള്ള പ്രതികരണമല്ലെന്നും . ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങൾ സാധാരണ പൗരന്മാർക്ക് ഉള്ളതുപോലെ തന്നെ സർക്കാർ ഉദ്യോഗസ്ഥന്മാർക്കും ഉണ്ടെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.

അഴിമതിക്കും, ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്നത് ഒരിക്കലും ചട്ടലംഘനമല്ല. ജേക്കബ് തോമസ് ഐ.പി.എസിനെതിരെ നടപടിയെടുക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സുപ്രീംകോടതിയുടെ വിജയശങ്കർ പാണ്ഡെയും കേന്ദ്രവും തമ്മിലുള്ള വിധി വായിക്കണമെന്നും വി.എസ് പറഞ്ഞു. അദ്ദേഹം വിജിലൻസിൽ ഉണ്ടായിരുന്നപ്പോഴാണ് മാണി കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചത്.

ജേക്കബ് തേമസിന്റെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് എസ്.പി സുകേശൻ നൽകിയ വസ്തുതാ റിപ്പോർട്ട്. ഇത് വിജിലൻസ് ഡയറക്ടറെക്കൊണ്ട് തിരുത്തി എഴുതിച്ച് കോടതിയിൽ സമർപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ഇതേപ്പറ്റിയാണ് ജേക്കബ് തോമസ് പരസ്യമായി പ്രതികരിച്ചത്. ഇത് ഏതൊരു പൗരന്റെയും കടമയാണ്. അങ്ങനെ അഴിമതിക്കെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നുള്ള ധാരണ കേരളത്തിൽ വിലപ്പോവില്ലെന്നും വി.എസ് പറഞ്ഞു.