50000 കിലോമീറ്റര്‍ ഹൈവേ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന് ഇന്ത്യ ജപ്പാന്റെ സഹായം തേടി

single-img
3 November 2015

National Highന്യൂഡല്‍ഹി: 50000 കിലോമീറ്റര്‍ ഹൈവേ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന് ഇന്ത്യ ജപ്പാന്റെ സഹായം തേടി. ഇതിനായി ജപ്പാന്‍ ബാങ്കുമായുളള ചര്‍ച്ചയ്ക്ക് ഇന്ത്യ തുടക്കമിട്ടു. രാജ്യത്തിന്റെ ഹൈവേ വികസനത്തിന് അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് അഞ്ചു ലക്ഷം കോടി രൂപ വേണ്ടിവരുമെന്നതാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. നിലവിലെ 96000 കിലോമീറ്റര്‍ ഹൈവേയെ നിര്‍ദിഷ്ട ലക്ഷ്യമായ 1.5 ലക്ഷം കിലോമീറ്ററായി വികസിപ്പിക്കുന്നതിനാണ് ഈ തുക.

ഇതിന് പുറമേ 16000 കിലോമീറ്റര്‍ വരുന്ന 10 ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്. ഇതിനെല്ലാമായി വന്‍മുതല്‍മുടക്ക് വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജപ്പാന്‍ ബാങ്കിനെ സമീപിച്ചത്.

ഹൈവേ വികസനപദ്ധതികള്‍ക്ക് ഉദാരമായ വായ്പ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കണമെന്നതാണ് ഇന്ത്യയുടെ മുഖ്യ ആവശ്യം. നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തത വെല്ലുവിളി സ്യഷ്ടിക്കുന്നുണ്ട്.

പൊതുസ്വകാര്യ പങ്കാളിത്തതോടെയുളള പദ്ധതി നിര്‍വഹണവും കാര്യമായി മെച്ചപ്പെട്ടിട്ടില്ല. എക്‌സ്പ്രസ് വേകളുടെ വികസനത്തിന് ഹൈവേ പദ്ധതികളെ അപേക്ഷിച്ച് ചെലവ് കൂടുതലാണെന്നതും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. നിലവില്‍ പ്രതിദിനം ശരാശരി 16 കിലോമീറ്റര്‍ എന്ന നിലയിലാണ് ഹൈവേ വികസനം പുരോഗമിക്കുന്നത്. ഇത് 30 കിലോമീറ്ററാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.