കേരള പോലീസ് അക്കാദമി കാന്റീനിലെ അപ്രഖ്യാപിത ബീഫ് നിരോധനത്തിനെ ചോദ്യം ചെയ്ത് എംബി രാജേഷ് എംപി

single-img
3 November 2015

MB_Rajesh1തൃശൂരിലെ കേരള പോലീസ് അക്കാദമി കാന്റീനിലെ ഭക്ഷണവിഭവങ്ങളില്‍ നിന്നും ബീഫ് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് എംബി രാജേഷ് എംപി രംഗത്ത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടത്തെഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുന്ന കാര്യം പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍  വ്യക്തമാകും. ആര്‍.എസ്സ്.എസ്സിന്റെ ബീഫ് വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്രകാരം ഒരു തീരുമാനമുണ്ടായിട്ടുള്ളതെന്ന് എംബി രാജേഷ് എംപി പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സംഘപരിവാര്‍ അജണ്ടയ്ക്കു മുന്നില്‍ തലകുനിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും എംബി രാജേഷ് ആരോപിച്ചു. എറണാകുളത്തെ മീറ്റ് പ്രോടക്റ്റ്‌സ് ഓഫ് ഇന്ത്യക്ക് നേരെയുണ്ടായ ഭീഷണിയെ പോലീസ് അവഗണിച്ചതും ശക്തമായ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണെന്നും എംപി രാജേഷ് പറഞ്ഞു.

ആര്‍.എസ്സ്.എസ്സ്. നിലപാട് പോലീസിലും അടിച്ചേല്‍പ്പിക്കുന്ന ആഭ്യന്തരമന്ത്രിയുടെ നിലപാട് ലജ്ജാകരമാണ്. ഈ നിലപാട് തിരുത്താനും വിലക്ക് പിന്‍വലിക്കാനും ഉടന്‍ തയ്യാറാകണമെന്നും എംബി രാജേഷ്  ആവശ്യപ്പെട്ടു.