അരുവിക്കരയേക്കാൾ തിളക്കമാർന്ന വിജയം യു.ഡി.എഫ് നേടും: എ.കെ ആന്റണി

single-img
2 November 2015

AK-Antony_1തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിനേക്കാൾ തിളക്കമാർന്ന ജയം യു.ഡി.എഫ് നേടുമെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. രാവിലെ 10.15 ഓടെ തിരുവനന്തപുരം ജഗതിയിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇപ്പോഴുള്ളതിനേക്കാൾ വലിയ ആരോപണങ്ങളുടെ കൂമ്പാരമായിരുന്നു അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതെന്നും എന്നിട്ട് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ മനസ്സിൽ യു.ഡി.എഫ് അല്ലാതെ മറ്റാരുമില്ല. മറ്റ് ബദലുകൾ ജനങ്ങൾക്ക് പേടിസ്വപ്‌നമാണ്, ആന്റണി പറഞ്ഞു.

 

ഒറ്റപ്പെട്ട ചില ആക്ഷേപങ്ങൾ ഉണ്ടെങ്കിലും യുഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ താത്പര്യം വർധിച്ചിട്ടേയുള്ളൂവെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ യു.ഡി.എഫിന്റെ അടിത്തറ കൂടുതൽ ബലപ്പെടുകയും എൽ.ഡി.എഫിന്തേത് ദുർബലമാവുകയും ചെയ്യുമെന്നും ആന്റണി കൂട്ടിച്ചേർത്തു.

 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുവേണ്ടി വോട്ട് ചെയ്തവർ പോലും വടക്കേ ഇന്ത്യയിലെ ഭയാനകമായ സംഭവങ്ങൾ കാരണം ഇത്തവണ മാറി വോട്ട് ചെയ്യുമെന്നും ആന്റണി പറഞ്ഞു.

 

ഭാര്യ എലിസബത്തിനും കോൺഗ്രസ് വക്താവ് എം.എം. ഹസ്സനുമൊപ്പമാണ് എ.കെ ആന്റണി വോട്ട് ചെയ്യാനെത്തിയത്.