ശാശ്വതീകാനന്ദയുടെ മരണം: ഒരു ചുക്കും തനിക്കുനേരെ ഉണ്ടാകാൻ പോകുന്നില്ലെന്ന് വെള്ളാപ്പള്ളി

single-img
31 October 2015

vellappally-with-sonസ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശാശ്വതപരിഹാരം ഉണ്ടാകട്ടെ. സംശയരോഗികൾക്ക് രോഗശമനമുണ്ടാകട്ടെ. ഒരു ചുക്കും തനിക്കുനേരെ ഉണ്ടാകാൻ പോകുന്നില്ല. അന്വേഷണം സ്വാമിയോടുള്ള കടന്ന ക്രൂരതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.സ്വാമിയുടെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ വന്നതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ തുടരന്വേഷണസാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സി.ആര്‍.പി.സി 173/3 പ്രകാരം തുടരന്വേഷണം നടത്താന്‍സര്‍ക്കാര്‍ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെളിപ്പെടുത്തലുകളെക്കുറിച്ച് ക്രൈം ബ്രാഞ്ച് എസ്.പി മധുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ ആകില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി സ്വാമിയുടെ കൊലയാളി എന്നാരോപിക്കപ്പെടുന്ന പ്രിയൻ പറഞ്ഞു. ആരോപണം ഉന്നയിച്ച ശ്രീനാരായണ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശ് തെളിവുകൾ ഹാജരാക്കണം. ബിജുവിനേയും ചോദ്യം ചെയ്യണമെന്നും പ്രിയൻ ആവശ്യപ്പെട്ടു.