രാജ്യത്തു വളർന്നുവരുന്ന അസഹിഷ്ണുതയ്ക്കെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണറും; രാജ്യത്തിനു സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സഹിഷ്ണുത ആവശ്യമാണെന്ന് രഘുറാം രാജന്‍;രഘുറാം രാജനെ പുറത്താക്കണമെന്നു പ്രധാനമന്ത്രിയോട് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി

single-img
31 October 2015

06rajans3രാജ്യത്തു വളർന്നുവരുന്ന അസഹിഷ്ണുതയ്ക്കെതിരെ പ്രതിഷേധവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ രഘുറാം രാജൻ. സഹിഷ്ണുതയും പരസ്പര ബഹുമാനവും പുതിയ ആശയങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി ഐ.ഐ.ടിയുടെ ബിരുദദാനച്ചടങ്ങില്‍ പ്രസംഗിയ്ക്കവെയാണ് രഘുറാം രാജന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. സാമ്പത്തിക പുരോഗതി കൈവരിയ്ക്കാന്‍ സഹിഷ്ണുത ആവശ്യമാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. സഹിഷ്ണുതയും സ്ഥിരതയും പരസ്പര പൂരകങ്ങളാണ്. തിന്മയുടെ ശക്തികള്‍ ഒരു ബട്ടണ്‍ അമര്‍ത്തുമ്പോഴേയ്ക്കും സമനില തെറ്റി തെരുവിലിറങ്ങരുതെന്നും പകരം അവരുടെ ഉദ്ദേശമെന്താണെന്ന് തിരിച്ചു ചോദിയ്ക്കണമെന്നും രഘുറാം രാജന്‍ പറഞ്ഞു.

അതേസമയം രഘുറാം രാജന്‍ പരിധി ലംഘിക്കുകയാണെന്നും റിസർവ് ബാങ്ക് ഗവർണ്ണർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.